ഖത്തറിലെ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യമേള, ഖിയാഫ്- ഡി.എല്‍.എഫ് 2025 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്.
ഡിസംബര്‍ 4, 5 തിയ്യതികളിലായി, അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന മേളയില്‍ സാഹിത്യശില്‍പശാലാ സെഷനുകൾ, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സെഷന്‍, സാംസ്കാരിക സമ്മേളനം, ഗസൽ -ഖവാലി സായാഹ്നം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ, പുസ്തക പ്രകാശനം, പുസ്തക പ്രദര്‍ശനം, വിവിധ സ്റ്റാളുകള്‍ എന്നിവയും മേളയുടെ ഭാഗമായിരിക്കും.
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍ DLF സാഹിത്യോത്സവം ഉത്ഘാടനം ചെയ്യും.
പ്രമുഖ എഴുത്തുകാരും പരിശീലകരുമായ ഡോ.അശോക് ഡിക്രൂസ്, കെ.ടി സൂപ്പി, ഷീലാ ടോമി തുടങ്ങിയവർ ശില്‍പശാലയിലെ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
പോസ്റ്റർ പ്രകാശന ചടങ്ങില്‍ പ്രസിഡണ്ട് ഡോ. സാബു. കെ. സി ആമുഖഭാഷണം നടത്തി. ഡി.എല്‍.എഫ് ജനറൽ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി സാഹിത്യമേളയുടെ ഉള്ളടക്കം വിശദീകരിച്ചു. ആക്ടിംഗ് ജനറല്‍സെക്രട്ടറി മജീദ് പുതുപ്പറമ്പ് മേളയിലേക്കുള്ള രജിസ്‌ട്രേഷൻ രീതികള്‍ വിവരിച്ചു.
ഖിയാഫ് വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, സംഘാടക സമിതി അംഗങ്ങളായ അൻവർ ബാബു, ഷംല ജഹ്ഫര്‍ എന്നിവർ സംസാരിച്ചു. ട്രഷറർ അൻസാർ അരിമ്പ്ര, അസിസ്റ്റന്റ് കൺവീനർ മുരളി വാളൂരാൻ സംബന്ധിച്ചു. ആര്‍.ജെ പാര്‍വ്വതി ചടങ്ങ് നിയന്ത്രിച്ചു.
ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന ഇമെയിലിലോ 3332 4499, 5039 0307 എന്നീ നമ്പറുകളിലോ ബന്ധപ്പെട്ട് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
To Register for Qiaf DLF Literature Fest – 2025:
https://forms.gle/fLuKthfyku5C2vch6
To watch the full program:
https://www.facebook.com/reel/789891000528103
