ഇന്ത്യാ-ഖത്തര്‍ സാംസ്കാരിക കൈമാറ്റം, ഖിയാഫിന് ഒട്ടേറെ ചെയ്യാനാവും

(ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ഉബൈദലി, ഖിയാഫ് ലോഞ്ചിംഗ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് നടത്തിയ പ്രഭാഷണം)

നാമെല്ലാവരും ഒന്നാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ചിരപുരാതനമാണ്. വാണിജ്യബന്ധങ്ങളിലൂടെയാണ് അത് തുടക്കം കുറിക്കുന്നത്. ഖത്തറിലെ മുത്തുകള്‍ ഇന്ത്യയിലും ഇന്ത്യയിലെ സുഗന്ധ ദ്രവ്യങ്ങള്‍ ഖത്തരിലെ മാര്‍കറ്റുകളിലും അക്കാലത്ത് സുലഭമായിരുന്നു. ഖത്തറിന്റെ കടലില്‍ ഓടിയിരുന്ന കപ്പലുകളധികവും ഇന്ത്യന്‍ നിര്‍മ്മിതമായിരുന്നു. എന്റെ പിതാവും പ്രപിതാക്കളുമെല്ലാം ഇന്ത്യയുമായി നല്ല ബന്ധം കാത്ത് സൂക്ഷിച്ചവരായിരുന്നു.

വാണിജ്യബന്ധങ്ങളിലൂടെയാണ് തുടക്കമെങ്കിലും സാംസ്കാരികമായ ഒത്തിരി കൈമാറ്റങ്ങളും ഈ രണ്ട് രാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഖത്തരികള്‍ ഇന്ന് നിത്യജീവിതത്തിലുപയോഗിക്കുന്ന പല പദങ്ങളും ഉര്‍ദു പോലോത്ത ഇന്ത്യന്‍ ഭാഷകളില്‍നിന്ന് വന്നതാണ്. ആ സാംസ്കാരിക കൈമാറ്റങ്ങളുടെ പ്രകടനമായിരുന്നു ഇന്ത്യന്‍-ഖത്തര്‍ സാംസ്കാരിക വര്‍ഷമായി ആഘോഷിക്കപ്പെട്ടത് പോലും. അറബിയില്‍നിന്ന് ഇന്ത്യന്‍ ഭാഷകളിലേക്കും തിരിച്ചും ഏറെ ഗ്രന്ഥങ്ങള്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാരുടെ സംഭാവനകള്‍ കൂടിയാണ് ഇന്ന് നാം കാണുന്ന ഖത്തര്‍.

ഇന്ത്യക്കാരുടെ സര്‍ഗ്ഗ ശേഷിയും പ്രത്യേകം പ്രസ്താവ്യമാണ്. മറ്റു ഭാഷകളെയും സംസ്കാരങ്ങളെയും പഠിക്കാനും അവയുമായി നല്ല ബന്ധം സ്ഥാപിക്കാനും ശ്രമിക്കുന്ന ഒരു ജനതയായാണ് ഞങ്ങളെല്ലാം ഇന്ത്യക്കാരെ കാണുന്നത്. ഇയ്യിടെയായി, പല ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുമായും നടത്തിയ അഭിമുഖങ്ങളില്‍ അവര്‍ എത്രമാത്രം ഉയര്‍ന്ന് ചിന്തിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.

ആ സാംസ്കാരിക കൈമാറ്റത്തിന്റെ തുടര്‍ച്ച ഇനിയും ഉണ്ടാവേണ്ടതുണ്ട്. അതിനായി ഇത്തരം ഒരു കൂട്ടായ്മയുടെ ആവശ്യകതയും പ്രസക്തിയും ഏറെയാണ്. ഇതിന്റെ ആരംഭഘട്ടത്തില്‍ ഖിയാഫ് ഭാരവാഹികള്‍ സാംസ്കാരിക വിഭാഗം ഹെഡ് മര്‍യം അല്‍ഹമ്മാദിയുടെ ഓഫീസ് സന്ദര്‍ശിച്ച് പദ്ധതി പരിചയപ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുകയാണ്. ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു അത്. ഇപ്പോഴിതാ അതിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇവിടെ ഏറെ അഭിമാനപൂര്‍വ്വം നടക്കുകയാണ്. കൊറോണ കാരണം ലോഞ്ചിംഗ് അല്‍പം വൈകിയെങ്കിലും ഇന്നീ സുന്ദര മുഹൂര്‍ത്തത്തില്‍ നിങ്ങളോടൊപ്പം ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വല്ലാത്ത സന്തോഷമുണ്ട്.

ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിനും ഖത്തരീ എഴുത്തുകാരുടെ കൂട്ടായ്മക്കും നിങ്ങളുടെ ഈ സംഘവുമായി സഹകരിച്ച് ഏറെ കാര്യങ്ങള്‍ ചെയ്യാനാവും. അതിന് എല്ലാ വിധ പിന്തുണയും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് കൂടി ഞാന്‍ ഉറപ്പ് തരുകയാണ്. ഖിയാഫിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, വളരെ ക്രിയാത്മകമായ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്താന്‍ സംഘത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published.