
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം മാസം തോറും നടത്തുന്ന പുസ്തക ചർച്ചയിൽ ഇത്തവണ ഉൾപ്പെടുത്തിയത് രണ്ട് കവിതാ സമാഹാരങ്ങളാണ്. കടലൊരു പാതി എന്ന പേരിലായിരുന്നു പരിപാടി.
കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ തൻസീം കുറ്റ്യാടിയുടെ “കടലോളം കനമുള്ള കപ്പലുകൾ” പ്രമുഖ എഴുത്തുകാരനും അനേകം സഞ്ചാര കൃതികളുടെ രചയിതാവുമായ യൂനുസ് പി ടി പരിചയപ്പെടുത്തി.
“അതിർത്തികളുടെയും സ്വാതന്ത്ര്യത്തിൻ്റെയും വേലി കെട്ടുകളോട് കലഹിക്കുന്ന തൻസീമിൻ്റെ കവിതകൾ, അതിരുകളില്ലാതെ ഭൂമിക്കടിയിലൂടെ എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്ന
വേരുകളെയും, ഒരു ദേശത്തു നിന്നും ശേഖരിച്ച ജലകണങ്ങൾ മറ്റൊരു ദേശത്ത് മഴയായി പെയ്യുന്ന മഴക്കാറുകളെയും ഉദാഹരണമാക്കുന്നു. 2018 ൽ പ്രസിദ്ധീകരിച്ചു 43 കവിതകളടങ്ങുന്ന ഈ സമാഹാരം നല്ലൊരു കവിതാസ്വദനം നൽകുന്നു” യൂനുസ് പിടി അഭിപ്രായപ്പെട്ടു.
ഷെരീഫ് സി പി യും ലബീബ് മാഞ്ചേരിയും ചേർന്ന് എഴുതിയ “ഒരു പാതി ഞാൻ” എന്ന കവിതാ സമാഹാരത്തിൻ്റെ അവതരണം, കവിയും, സാമൂഹിക പ്രവർത്തകനും, ഓതേഴ്സ് ഫോറത്തിൻ്റെ ട്രഷറുമായ അൻസാർ അരിമ്പ്ര നിർവഹിച്ചു.
നിത്യജീവിതത്തിലെ വിവിധ രംഗങ്ങളെയും സന്ദര്‍ഭങ്ങളെയും അധികരിച്ച് എഴുതപ്പെട്ട കവിതകള്‍ ഏതൊരാള്‍ക്കും ലളിതമായി മനസ്സിലാക്കാവുന്നതാണെന്നും അതേ സമയം, ജീവിതം, സ്വപ്നങ്ങള്‍, മരണം തുടങ്ങി വിവിധ ബിംബങ്ങളിലൂടെ പച്ചയായ ജീവിതത്തെ തുറന്ന് കാട്ടുന്നതാണെന്നും അന്‍സാര്‍ പറഞ്ഞു.
സദസ്സിൽ നിന്നുള്ള ഇടപെടലുകൾക്ക് മറുപടിയായി ഗ്രന്ഥ രചയിതാക്കൾ കവിതകളുടെ പിറവിയെ കുറിച്ചും അവയുടെ രചനാ പാശ്ചാത്തലത്തെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
ഫോറം പ്രസിഡണ്ട് ഡോക്ടർ സാബു കെ സി അധ്യക്ഷത വഹിച്ച പരിപാടിയിൽ ആക്ടിംഗ് സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും ഹുസൈൻ വാണിമേൽ നന്ദി പ്രകാശനവും നിർവഹിച്ചു. മുരളി വാളൂരാൻ മോഡറേറ്ററായി പരിപാടി ആദ്യാന്തം നിയന്ത്രിച്ചു.
ജോയിൻ സെക്രട്ടറി ഷംന ആസ്മിയും വൈസ് പ്രസിഡണ്ട് ശ്രീകല ഗോപിനാഥനും ആശംസകൾ അറിയിച്ചു. സുരേഷ് കുവാട്ടിൽ, അഷറഫ് മടിയാരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി