പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അംഗവും എഴുത്തുകാരനുമായ ഷാഫി പി സി പാലം രചിച്ച
“ലോകകപ്പ് അനുഭവ സാക്ഷ്യം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി. അബ്ദുറഹ്മാൻ നിർവഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം. കരുവാരകുണ്ട് പുസ്തകം ഏറ്റുവാങ്ങി. ഫോറം നിർവഹക സമിതി അംഗം മുഹമ്മദ് ഹുസ്സൈൻ വാണിമേൽ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

ഓതേഴ്സ് ഫോറം മാസാന്ത പരിപാടിയായ പുസ്തക ചർച്ചക്കിടെയായിരുന്നു പ്രകാശനം. പ്രസിഡണ്ട് ഡോക്ടർ സാബു കെ.സി. മലയാളത്തിലെ ക്ലാസിക്ക് രചനയും ശ്രീ പെരുമ്പടവം ശ്രീധരൻ്റെ മാസ്റ്റർപീസുമായ ‘ഒരു സങ്കീർത്തനം പോലെ’ യുടെ അവലോകനം നിർവഹിച്ചു.

ദോഹയിലെ ചെറുകഥാ കൃത്ത് അഷറഫ് മടിയാരിയുടെ ‘നെയ്യരാണിപ്പാലത്തിനുമപ്പുറം’ എന്ന കഥാ സമാഹാരത്തിന്റെ അവലോകനം ഫൈറൂസ മുഹമ്മദും സുധീഷ് സുബ്രമണ്യൻ്റെ ‘അമ്മ മരിച്ചു പോയ കുട്ടി’ എന്ന കവിതാ സമാഹാരത്തിന്റെ അവലോകനം സജി ജേക്കബും നിർവഹിച്ചു.

ഗ്രന്ഥകർത്താക്കളുമായുള്ള സാഹിത്യ സല്ലാപത്തിനും അവസരമുണ്ടായിരുന്നു. മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം, ഡോം ഖത്തർ പ്രസിഡൻ്റ് വി.സി. മശ്ഹൂദ് എന്നിവര്‍ ആംശംസകള്‍ നേർന്നു.

ഓതേഴ്സ് ഫോറം നിർവാഹക സമിതി അംഗവും എഴുത്തുകാരിയുമായ ഷംനാ ആസ്മി മോഡറേറ്റർ ആയ പരിപാടിയിൽ പ്രസിഡൻ്റ് ഡോ. സാബു കെ.സി. അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സ്വാഗതവും ഷാഫി പി സി പാലം നന്ദിയും പറഞ്ഞു. ഫോറം ഭാരവാഹികളും അംഗങ്ങളും മറ്റു ക്ഷണിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published.