ബഷീറിയൻ വിശേഷങ്ങളുമായി ‘ഇമ്മിണി ബല്യ സുൽത്താൻ’

Immini Balya sultan

ദോഹ: ‘ഇമ്മിണി ബല്യ സുൽത്താൻ’ എന്ന പേരിൽ ഫോറം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഏറെ ശ്രദ്ധേയമായി. വിട പറഞ്ഞ് മുപ്പത് വർഷങ്ങൾക്കു ശേഷവും ആ മഹാ പ്രതിഭ നമ്മുടെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത് സാഹിത്യത്തിലെ മേത്തരം ഭാഷാസങ്കൽപങ്ങളെയും നായക പരികല്പനകളെയുമൊന്നും കൂസാത്ത അദ്ദേഹത്തിന്റെ സവിശേഷമായ രചനാ രീതിയും ദാർശനികതയും കാരണമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വിലയിരുത്തി.

അദ്ദേഹത്തിൻ്റെ ലാളിത്യമാർന്ന ഭാഷയും സരസമായ ശൈലിയും രചനകളിലെ മാനവികതയും അദ്ദേഹത്തെ ഏതൊരു സാധാരണക്കാരന്റെയും സാഹിത്യകാരനാക്കി. ബഷീറിനെയും അദ്ദേഹത്തിൻ്റെ കഥകളെയും ജീവസ്സുറ്റ കഥാ പാത്രങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ ഓർത്തെടുത്തു പുനർജീവിപ്പിക്കുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിനാ ബഷിറിൻ്റെ ഓൺലൈൻ ആശംസകളോടെ ആരംഭിച്ച ചടങ്ങിൽ ഡോ. പ്രതിഭ രതീഷ് ബഷീർ കൃതികളിലെ സ്ത്രീ പ്രതിനിധാനങ്ങൾ, ജാബിർ റഹ്മാൻ ബഷീറിന്റെ സൗഹൃദങ്ങളും സാമൂഹ്യ ബന്ധങ്ങളും , പ്രദോഷ് കുമാർ ബഷീറിന്റെ സാമൂഹ്യവീക്ഷണവും സാമൂഹ്യ വിമർശനങ്ങളും, ഹുസൈൻ വാണിമേൽ കാലത്തെ അതിജയിച്ച ബഷീർ ശൈലികൾ എന്നീ വിഷയങ്ങളിലൂന്നി സംസാരിച്ചു. ചടങ്ങിന്റെ മോഡറേറ്റർ ആയ തൻസീം കുറ്റ്യാടി ബഷീർ കൃതികളിലെ ഫിലോസഫിയും കാവ്യാത്മകതയും പരാമർശിച്ച് സംസാരിച്ചു.

ഫോറം പ്രസിഡണ്ട് Dr. സാബു കെ സി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷംനാ ആസ്മി സ്വാഗതവും ഷംലാ ജഅഫർ നന്ദിയും പറഞ്ഞു. അഷ്റഫ് മടിയാരി, അബ്ദു റഹൂഫ് കൊണ്ടോട്ടി, എം. ടി നിലമ്പൂർ, ഹിജാസ് മുഹമ്മദ്, ശോഭാ നായർ, മജീദ് നാദാപുരം, അസീസ് മഞ്ഞിയിൽ, റഫീഖ് മേച്ചേരി,നസീഹാ മജീദ്, ഹുമൈറ തുടങ്ങിയവർ സദസ്സിൽ നിന്നും ഇടപെട്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്ന മണ്ണ, ട്രഷറർ അൻസാർ അരിമ്പ്ര, അബ്ദുൽ മജീദ് പുതു പറമ്പ്, സുബൈർ വെള്ളിയോട്, അമൽ ഫെർമിസ്, ശീകലാ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. ബഷീറിയൻ സാഹിത്യ വിശേഷങ്ങളെ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശനം, ബഷീർ കൃതികളെ അവലംബിച്ചുള്ള ശബ്ദാവിഷ്കാരം എന്നിവ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.