
വാക്കുകള്‍ പ്രകാശം പരത്തുന്ന വിളക്കുകളാവണമെന്നും അവ ഓരോന്നും ഉപയോഗിക്കേണ്ടത് ഏറെ സൂക്ഷിച്ചാവണമെന്നും പ്രമുഖ കഥാകൃത്തും സാഹിത്യകാരനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം അംഗങ്ങളോടൊപ്പം സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന് നിഷ്പ്രയാസം ഉപയോഗിക്കുന്ന വാക്കുകളോരോന്നും നൂറ്റാണ്ടുകളുടെ ക്രയവിക്രയങ്ങളിലൂടെ രൂപപ്പെട്ടതാണെന്നും ഇന്നും പുതിയ പദങ്ങള്‍ എല്ലാ ഭാഷയിലും ജനിച്ചുകൊണ്ടിരിക്കുകയാണെന്നും അവയെല്ലാം ഉപയോഗിക്കുമ്പോള്‍ നാം ആ നന്ദിയും കടപ്പാടും കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ കെ.എം.സി.സിയുടെ സാംസ്കാരിക വിഭാഗമായ സമീക്ഷ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് ശേഷം, ഇന്നലെ വൈകുന്നേരമാണ് ഓതേഴ്സ് ഫോറം അംഗങ്ങളും ദോഹയിലെ ഏതാനും സാഹിത്യപ്രേമികളും അദ്ദേഹത്തോടൊപ്പം അല്പസമയം ചെലവഴിച്ചത്. സദസ്യരുടെ സാഹിത്യ-ഭാഷാ സംബന്ധിയായ വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞ ശേഷം, ഈ പ്രവാസ ഭൂമിയിലും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാനായതിലെ സന്തോഷവും അതിന് നേതൃത്വം കൊടുക്കുന്നതിന് ഓതേഴ്സ് ഫോറത്തിനോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. ശേഷം വിശിഷ്ടാതിഥിക്ക് ഫോറത്തിന്റെ സ്നേഹാദരം സമര്‍പ്പിച്ചു.
ഓതേഴ്സ് ഫോറം സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞ യോഗം വൈസ്. പ്രസിഡണ്ട് ശ്രീകല ഗോപിനാഥന്‍ നിയന്ത്രിച്ചു. ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈന്‍ വാണിമേല്‍, തന്‍സീം കുറ്റ്യാടി, മജീദ് പുതുപ്പറമ്പ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.