
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക – വാണിജ്യ ബന്ധം ചിരപുരാതനമാണെന്നും സാഹിത്യവിവർത്തനത്തിലൂടെ അത് കൂടുതൽ ശക്തിപ്പെടുമെന്നും ഖത്തറിലെ അറിയപ്പെട്ട സാംസ്കാരിക പ്രവർത്തകനും ഖത്തരീ ഫോറം ഫോർ ഓതേഴ്സ് പ്രോഗ്രാം ഡയറക്ടറുമായ സാലിഹ് ഗുറൈമ്പ് അൽ-ഉബൈദലി പറഞ്ഞു.
ഫൈസൽ അബൂബക്കറിൻ്റെ ‘നിലാവിൻ നനവിൽ’ എന്ന ഉപവാസ കവിതാ സമാഹാരത്തിൻ്റെ അറബി വിവർത്തനം ‘മുൽഹമൻ മിൻ റുഇയത്തിൽ ഹിലാൽ’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ഗ്രന്ഥങൾ ഇന്ത്യൻ ഭാഷകളിൽനിന്ന് അറബിയിലേക്കും തിരിച്ചും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. അറബികളുടെ ഭക്ഷണത്തിലും ഭാഷയിലും വേഷത്തിലുമെല്ലാം ഇന്ത്യൻ സ്പർശം കാണാവുന്നതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദ്യവും സരസവുമായ പ്രസംഗം സുഹൈൽ വാഫി പരിഭാഷപ്പെടുത്തി.
ഗ്രന്ഥത്തിൻ്റെ അറബി മൊഴിമാറ്റം നിർവഹിച്ചിട്ടുള്ളത് ഗ്രന്ഥകാരനും വിവർത്തകനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയാണ്.
ഐ.സി.സി. മുംബൈ ഹാളിൽ ഖിയാഫ് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ പ്രസിഡൻ്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡൻ്റ് പി.എൻ. ബാബുരാജൻ ഉൽഘാടനം ചെയ്തു.
ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ മലയാളിയായ ഇംഗ്ലീഷ് കവിയത്രി സമീഹ ജുനൈദിനെ ഖിയാഫ് ആദരിച്ചു. ഇതിനകം രണ്ട് ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുള്ള സമീഹ തൻ്റെ രചനാനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.
കവയിത്രിക്കുള്ള ഖിയാഫിൻ്റെ സ്നേഹോപഹാരം പ്രസിഡൻറ് സമ്മാനിച്ചു. സിയാദ് ഉസ്മാൻ, ഖിയാഫ് വൈസ് പ്രസിഡൻ്റ് ഷീല ടോമി, ട്രഷറർ സലീം നാലകത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.
ബാല ഗായിക രേന സൂസൻ മാത്യു ഗാനവും അസീസ് മഞ്ഞിയിൽ കവിതയും ആലപിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും എക്സിക്യുട്ടീവ് സമിതിയംഗം മുഹമ്മദ് ഹുസൈൻ വാണിമേൽ നന്ദിയും പറഞ്ഞു. ഖിയാഫ് അംഗം ആൻസി മോഹൻ മാത്യു പരിപാടി നിയന്ത്രിച്ചു.