തമസ്സ്

സതീഷ് കാക്കരാത്ത്

അണയാത്ത

നാളങ്ങൾ ഉള്ളിലൊളിപ്പിച്ചതഗ്നി

എൻ വഴിത്താരയിൽ

വന്നു നിറഞ്ഞീടവേ

അറിയുന്നു

ഞാനെന്നിലെ തമസ്സിനെ,

തമസ്സിൻ കടലാഴങ്ങളെ

ഇന്നീ തീരത്തു

ഏകനായ് ചുറ്റിത്തിരിയവേ

എന്നെ വലയം വയ്ക്കുന്ന ചിന്തകൾ

നാളയുടെ സ്പന്ദനങ്ങൾ

മറക്കുന്നു

മറവിയുടെ മഹാമേരുക്കൾ

എന്നിലേക്കണയുന്നു വീണ്ടും

ക്ഷയിക്കുന്ന ഓർമ്മകോശങ്ങൾതൻ

ഉൾച്ചൂടിലെരിയുന്നു

ക്ഷണികമാം ചിന്താശകലങ്ങൾ

ശൂന്യമാണ്

ആവനാഴികൾ

വെറും മണ്ണിൽ

ആഴ്ന്നുപോം രഥചക്രങ്ങൾ

മാർച്ചട്ടയണിയാതെ രണാങ്കണത്തിൽ

ഭേദിക്കുവാൻ

പത്മവ്യൂഹങ്ങളെത്ര ബാക്കി?

പറയുവാനില്ല

വാക്കുകൾ മുറിയുന്ന ചുണ്ടുകൾ

ആരോ എന്നോ

ചൊല്ലിവച്ച വാക്യങ്ങൾതൻ

അകകാമ്പിനാൽ

ശക്തിയേറും പാദങ്ങൾ

മധുരം കിനിയും യൌവനം

വൃഥാ ഭിക്ഷയായ് നൽകീടവേ

ആരോ എന്നുള്ളിൽ മന്ത്രിക്കുന്നു

അതു നിന്നിലെ തമസ്സല്ലോ…

അരണി കടഞ്ഞഗ്നി

ഹോമകുണ്ഡത്തിൽ നിന്നുയർത്തെണീറ്റു

ഹവിസ്സിനെ ഏറ്റു വാങ്ങിടവേ

വായുവിലലിയുന്ന വേദമന്ത്രങ്ങൾ

തെളിയുന്ന ദൃഷ്ടിപദങ്ങൾ

അറിവിന്റെ മൃത്യുഞ്ജയമന്ത്രങ്ങൾ

തമസ്സേ

ഞാനറിയുന്നു

നീ ഏകനാകുന്നതിൻ

വേദന…..

Leave a Reply

Your email address will not be published.