പറ്റുപുസ്തകം

സ്വന്തം നാടായ കൊടുവള്ളിയിലെ ‘ചെറിയ സ്കൂൾ’ എന്നറിയപ്പെടുന്ന, ഗവ. എൽ.പി.സ്കൂളിലായിരുന്നു, എന്റെ പ്രാഥമിക പഠനം.  അങ്ങാടിക്കടുത്താണ് സ്കൂൾ. അതിനാൽ വൈകിട്ട് സ്കൂൾ വിട്ടാൽ വീട്ടിലേക്ക് കറി വെക്കാനുള്ളതും 

മറ്റു പലചരക്കു സാധനങ്ങളും വാങ്ങിക്കൊണ്ടു പോകേണ്ട ജോലി അന്ന് നാലാം ക്ലാസുകാരനായ എന്റേതായി മാറി.

ഞങ്ങൾ  പലചരക്ക് സാധനങ്ങൾ സ്ഥിരം വാങ്ങിയിരുന്ന പറ്റുകടയുണ്ട്, മാർക്കറ്റിനടുത്ത്. ആഴ്ചയിലൊരിക്കലാണ് വിശദമായ വാങ്ങലിന്റെ ദിവസം. അത്തരം ദിവസങ്ങളിൽ, സാധനങ്ങൾ വാങ്ങാറുള്ള കടയിലെ പറ്റു പുസ്തകവും സ്കൂളിലേക്ക് കൂടെക്കൊണ്ടു പോകാറാണ് പതിവ്.

ജൗളിക്കടയുടെ മുദ്രയുള്ള പ്ലാസ്റ്റിക് കവറായിരുന്നു, എന്റെ പുസ്തക സഞ്ചി. പ്ലാസ്റ്റിക് സഞ്ചിയിൽ വീഴുന്ന ചെറുസുഷിരങ്ങളിലൂടെ ഒരു ചെറിയ നനവ് മഴക്കാലങ്ങളിൽ എപ്പോഴും പാഠ പുസ്തകങ്ങളെ തഴുകി നിന്നിരുന്നു. എന്തുവന്നാലും ഞങ്ങളുടെ ‘ജീവനോപാധി’യായ പറ്റുപുസ്തകം നനയരുതെന്ന ശാഠ്യമുള്ളതിനാൽ സാമാന്യം കട്ടിയുള്ള സാമൂഹ്യ പാഠപുസ്തകത്തിന്റെ സംരക്ഷണ കവചത്തിനുളളിലായിരുന്നു അതിനെ സൂക്ഷിച്ചിരുന്നത്.

മുമ്പൊരിക്കൽ സ്കൂൾ വാരാന്തയിലെ തൂണിന് ചാരി, സഞ്ചിയിൽ നിന്ന് പുസ്തകങ്ങൾ പുറത്തെടുക്കവെ, ഏതോ ചില കുട്ടികൾ പുറകിൽ വന്ന് തിക്കുണ്ടാക്കി. പറ്റുപുസ്തകം മുറ്റത്തെ വെള്ളക്കെട്ടിലേക്ക് തെറിച്ച് വീണ് നനഞ്ഞ് കുതിർന്നു. പിന്നീടത് വെയിലത്ത് വെച്ചുണക്കിയിട്ടും ഫലമുണ്ടായില്ല. വെള്ളം തട്ടി മഷി കലങ്ങി അക്ഷരങ്ങൾ അവ്യക്തമായിപ്പോയ പറ്റുപുസ്തകം മാറ്റുകയല്ലാതെ നിർവാഹമില്ലെന്നായി. അങ്ങിനെയാണ് നീലച്ചട്ടയുള്ള ഇപ്പോഴത്തെ പുതിയ പറ്റു പുസ്തകത്തിന്റെ പിറവി. അങ്ങിനെയൊരു ദുരന്ത സ്മൃതി കൂടി പറ്റുപുസ്തകവുമായി ബന്ധപ്പെട്ട് അയവിറക്കാനുണ്ട്!

അങ്ങിനെയിരിക്കെ, പറ്റു പുസ്തകവുമായി കടയിൽ പോകേണ്ടതായ ഒരു ദിവസം ഫസ്റ്റ് ഇൻറർവെൽ സമയത്താണ്, ആ ഞെട്ടിക്കുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്, പറ്റുപുസ്തകം എവിടെയോ കളഞ്ഞു പോയിരിക്കുന്നു! ഇന്നോളം വാങ്ങിയ സാധനങ്ങളുടെ വില വിവരങ്ങൾ മുതൽ ഇതുവരെയുള്ള വരവും ചെലവും ബാക്കിയിരിപ്പ് സംഖ്യയും ഉൾപ്പെടെ എല്ലാം തിയ്യതി സഹിതം എഴുതപ്പെട്ട അമൂല്യ രേഖയാണ് നഷ്ടപ്പെട്ടത്. ഇനി എന്തു ചെയ്യും?

സ്കൂൾ കോമ്പൗണ്ടും ക്ലാസ് റൂമിന്റെ മുക്കുമൂലകളും എത്ര തവണയാണ് അരിച്ചു പെറുക്കിയതെന്നോ! ഒരു തിട്ടവുമില്ല. എന്നിട്ടും പറ്റുപുസ്തകം കാണാ മറയത്തു തന്നെ! മഴ പെയ്ത് തോർന്നിട്ടും എന്റെ കണ്ണുകൾ പെയ്ത് തോർന്നതേയില്ല!

പറ്റു പുസ്തകം കളഞ്ഞു പോയതിനാൽ വീട്ടിലേക്ക് ഇനി മുതൽ അവശ്യ സാധനങ്ങൾ ലഭിക്കാതെ ഞങ്ങൾ പട്ടിണി തിന്ന് കഴിയേണ്ടി വരും എന്നൊക്കെയായിരുന്നു, അന്നത്തെ നാലാം ക്ലാസുകാരന്റെ തല പുകച്ച ചിന്ത! പ്രത്യാഘാതങ്ങളെക്കുറിച്ച ബേജാറ് എന്റുള്ളിൽ കനത്തു വന്നു.

ഇനി സാധനങ്ങൾ എങ്ങിനെ വാങ്ങും, കടക്കാരൻ ഇബ്രായിക്കാ എങ്ങിനെയാവും പ്രതികരിക്കുക, ബാപ്പയറിഞ്ഞാൽ എന്താവും സ്ഥിതി… പേടി ഉൽപാദിപ്പിച്ച ചോദ്യങ്ങൾ എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

പുറത്തെങ്ങാനും വീണ് കിടപ്പുണ്ടാവുമോ എന്ന ചിന്തയിൽ ഞാൻ റോട്ടിലേക്കോടി. അപ്പോൾ കണ്ട കാഴ്ച എന്നെ കൂടുതൽ സങ്കടത്തിലാക്കി. സ്കൂളിന്റെ മുൻവശത്തെ റോഡ് മുതൽ ചന്തപ്പള്ളിയും കഴിഞ്ഞ് മാർക്കറ്റ് റോഡ് വരെ വഴി നീളെ എന്റെ പറ്റുപുസ്തകത്തിന്റെ പേജുകൾ ചിതറി കിടക്കുന്നു. അനൗൺസ്മെന്റ് വാഹനക്കാരൻ പറത്തി വിടുന്ന പരസ്യക്കടലാസുകളുടെ അതേ പരുവത്തിൽ! ഏതോ വികൃതിപ്പയ്യന്റെ ക്രൂര വിനോദം! 

ഞാൻ റോട്ടിലൂടെ നെടുനീളത്തിൽ നടന്ന് ഓരോ പേജും പെറുക്കിക്കൂട്ടാൻ തുടങ്ങി . പക്ഷേ, അതൊരു പാഴ്ശ്രമമായിരുന്നു. ഏതോ ദുഷ്ടൻ അവന്റെ മന:സുഖത്തിന് ചെയ്ത അപരാധത്തിന്റെ ശിഷ്ട തെളിവ് മാത്രമായി, ആ കടലാസു കഷ്ണങ്ങൾ എന്റെ കയ്യിൽ അവശേഷിച്ചു.

എല്ലാവരും ഉച്ചക്കഞ്ഞിക്ക് പോയപ്പോഴും ഞാൻ മൂഡോഫായി ക്ലാസിലിരുന്നു. തിരികെ ക്ലാസിൽ കയറാൻ ബെല്ലടിച്ചു. അന്ത്രുമാഷാണ് ക്ലാസിൽ വന്നത്. ഖിന്നത പുതച്ചിരിക്കുന്ന എന്നെ ടേബിളിനടുത്തേക്ക് വിളിച്ച് മാഷ് കാര്യങ്ങൾ തിരക്കി. അടുത്തിരുത്തി എന്നെ മാഷ് സമാധാനിപ്പിച്ചു.

‘ഫസലിന്റെ ബാപ്പയുടെ പേരെന്താണ്? ‘

‘കുട്ടിമോൻ’ – ഞാൻ പറഞ്ഞു. ‘അതാവില്ല, വേറെ പേരുണ്ടാവു’മെന്ന് മാഷ്. പേര് അത് തന്നെയെന്ന് ഞാനും. എന്റെ ബാപ്പയുടെ പേര് പിന്നെ എനിക്കല്ലേ, അറിയുക എന്ന ഒരേ ഭാവം! (അപ്പേര് ബാപ്പയെ കുടുംബക്കാർ വിളിക്കുന്നതാണെന്ന് മുതിർന്നപ്പോഴാണ് മനസ്സിലായത്!)

“ഇനിയെന്ത് ചെയ്യും?” മാഷ് ചോദിച്ചു. ‘ഞങ്ങൾ പട്ടിണി കിടക്കേണ്ടി വരും, മാഷേ, ഞാൻ പറഞ്ഞു.എന്റെ ‘വലിയ’ മറുപടി കേട്ട്, മാഷ് ഗൗരവമില്ലാത്ത ഒരു ചിരി ചിരിച്ചു. ‘അതൊന്നുമില്ലെടോ’ എന്ന് പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു. കടയിൽ പോയി കാര്യം പറഞ്ഞാൽ മതിയെന്നും എന്നെ ശട്ടം കെട്ടി.

ലാസ്റ്റ് ബെല്ല് മുഴങ്ങി. കടയിലെത്തിയപ്പോൾ കാര്യങ്ങൾ പന്തിയല്ലായിരുന്നു. വൈകുന്നേരത്തെ ‘ഒടുക്കത്തെ’ തിരക്കും. കടക്കാരൻ എന്നോട് ഒട്ടും കനിഞ്ഞില്ല! ദേഷ്യവും ഭർത്സനവും അവഗണനയും എളുപ്പം വിട്ടു പോയതുമില്ല! ‘പണമില്ലാത്തവൻ ഇറച്ചിക്ക് വന്നത് പോലെ ‘എന്ന മട്ടിൽ എത്ര നേരമാണ് അവിടെ കാത്തുകെട്ടിക്കിടന്നത് എന്നതിന് ഒരു തിട്ടവുമില്ല… അപ്പോഴേക്കും നേരം ഇരുട്ടുകയും മാനം കറുക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

ബാപ്പ വരാതെ പ്രശ്നം തീരുന്ന മട്ടും മാതിരിയും കണ്ടില്ല. ബ്ലോക്ക് ഓഫീസിലെ ഡ്രൈവറായ ബാപ്പ ആഴ്ചയിൽ ചില ദിവസങ്ങളിലൊഴികെ വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് വരാറുണ്ട്. അന്ന് ശനിയാഴ്ച ആയതിനാൽ വരുമെന്നുറപ്പ്. ചിലപ്പോൾ, ‘സാമൂഹിക ക്ഷേമ വകുപ്പ് ‘ എന്ന ബോർഡ് വെച്ച ജീപ്പുമായാണ് വരാറ്. അല്ലെങ്കിൽ ബസ്സിറങ്ങി നടന്നു വരും.

ഞാൻ റോട്ടിലേക്കിറങ്ങി നിന്നു. ജീപ്പ് സ്റ്റാന്റും കഴിഞ്ഞ് അങ്ങാടി ജംഗ്ഷൻ വളവിലേക്ക് നോക്കി, എന്റെ ക്ഷീണിച്ച കണ്ണുകൾ ബാപ്പയെ പരതാൻ തുടങ്ങി. അധിക നേരമൊന്നും കഴിയേണ്ടിവന്നില്ല. കൂരിരുട്ടിൽ പ്രതീക്ഷയുടെ തിരിവെട്ടം പോലെ, കാക്കിധാരിയായ ബാപ്പയുടെ കഷണ്ടിയുടെ തിളക്കം ഞാൻ ദൂരെ നിന്നേകണ്ടു.. ബാപ്പ എന്റെ അരികിൽ!

ബാപ്പയുടെ പരുത്ത കൈ എന്റെ ചെവിയിൽ മൃദുവായി സ്പർശിച്ച് പിന്നെ ഒന്നമർന്നു. പക്ഷേ, അതിന്റെ നീറ്റൽ എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല. ഞങ്ങൾ പീടികയിലേക്ക് കയറി. ചില്ലറ സംസാരങ്ങൾ. വിശദീകരണങ്ങൾ. ക്ഷമാപണങ്ങൾ.. പറ്റ് ബാലൻസ്, പീടികയിലെ കണക്ക് പുസ്തകത്തിൽ എഴുതി വെച്ചിരുന്നത്, വലിയ തൃപ്തിയോടെയല്ലെങ്കിലും കടക്കാരൻ അംഗീകരിച്ചു. സാധനങ്ങൾ കെട്ടാക്കി ഞങ്ങൾ വീട്ടിലേക്ക് നടക്കുമ്പോൾ, പെയ്തൊഴിഞ്ഞ മാനം പോലെ ശാന്തതയിലേക്ക് തിരിച്ചു നടക്കുകയായിരുന്നു,മനസ്സ്…

കഥയൊന്നുമറിയാതെ,ഏറെ നേരമായിട്ടും മകനെ കാണാത്തതിലെ ആകുലതയോടെ കാത്തു നിൽക്കുന്ന ഉമ്മയുടെ അവ്യക്ത രൂപമാണ്,    റോട്ടിൽ നിന്ന് വീട്ടിലേക്ക് തിരിയുന്ന, ഇരുട്ട് പുതച്ച വഴിയിൽ ഞങ്ങളെ വരവേറ്റത്!

ഫസ്‍ലുറഹ്മാന്‍ കൊടുവള്ളി

Leave a Reply

Your email address will not be published.