
ഓർമ്മവച്ച നാൾമുതൽ ഞാൻ കാണുന്നതാണ് ഉമ്മറമുറ്റത്ത് പടർന്നു വിണുകിടക്കുന്ന പേരമരം. ഒന്നും ചെയ്യാനില്ലാത്ത പകലുകളിൽ കോലായത്തെ തിണ്ണമേൽ പേരമരത്തേയും നോക്കിയിരിക്കും. അച്ഛന് ഇരിക്കാനുള്ള ചാരുകസേരയിന്മേൽ കാലുകളും കയറ്റിവച്ച് തിണ്ണയിലെ ഉരുണ്ടതൂണുകൾക്കിടയിലൂടെ പേരമരത്തേയും നോക്കിയിരിക്കാൻ എന്തോ ഒരു സുഖമാണ്.
തന്റെ ആ ഇരുപ്പ് അമ്മയുടെ പുരാണപ്പെട്ടി തുറക്കാനുള്ള വളമാണ്.
“നെനക്കറിയോ…. നെന്റെ മുത്തശ്ശന്റെ അച്ഛൻ നട്ടതാ.. ഈ പേരമരം”
“എനിക്കെങ്ങിനെ അറിയാം… ഞാനെന്ന മരം കിളിർക്കുന്നതിനുമുമ്പേ നടന്നകാര്യങ്ങൾ” ആത്മഗതം ചവച്ചരച്ചു വിഴുങ്ങി മിണ്ടാതിരിക്കും.
അപ്പോഴും അമ്മ, പേരമരത്തിന്റെ ജാതകവും അത് നട്ട മുതുമുത്തശ്ശന്റെ, അതിനെ പോറ്റിവലുതാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തവരുടെ അടക്കം ജാതകങ്ങൾ വായിച്ചു കൊണ്ടിരിക്കും. എന്തിന് ആ പേരമരം ആദ്യമായ് പൂത്തതുംംകായ്ച്ചതും ആദ്യപേരയ്ക്ക മുത്തതും പഴുത്തതും അത് കഴിച്ചവരുടെ പട്ടിക അടക്കം ഒറ്റയിരിപ്പിന് പറഞ്ഞു തീർക്കും.
“ഉം. …. ഉം…നല്ല തള്ളാണല്ലേ….!!”
അതും മനസ്സിലേ പറയു. അല്ലേലും കൂടുതലും സ്വയം സംസാരിച്ച് നന്നാവാൻ ശ്രമിക്കുന്നവനാണല്ലോ ഞാൻ.
അങ്ങനെ ഒരു തോന്നൽ ഉള്ളിൽ ഉള്ളതുകൊണ്ടു തന്നെ കണ്ണാടി കണ്ടാൽ പിന്നെ തുടങ്ങും അധികവും കുളിമുറിയലാണ് അഭ്യാസം. ആരും കാണില്ലലോ…
ഒന്നു രണ്ടു തവണ കിടപ്പുമുറിയിലെ കണ്ണാടിക്കു മുന്നിലെ തന്റെ അഭ്യാസപ്രകടനങ്ങൾ അവളു കൈയ്യൊടേ പിടിച്ച് പാട്ടാക്കിയതിന്റെ ക്ഷീണം ഇന്നേവരെ മാറിയിട്ടില്ല.
ഓ അതു പറഞ്ഞില്ലലോ….. എനിക്കൊരനിയത്തി ഉണ്ട്. അവളു ബോബനും മോളിലേം പട്ടിയെ പൊലേയാണ്. ഞാനെവിടെ ഒരു ഫ്രൈം കൊണ്ടുവച്ചാലും അവളും കാണും അതിൽ. പിന്നെ കിട്ടണതും കൈയ്യിൽ നിന്നിട്ടതും ഒക്കെകൂടി വീട്ടിലും നാട്ടിലും അയലക്കത്തുള്ളോരോടും പാല് പത്രം മീൻകാരൻ എന്നു വേണ്ട എല്ലാരോടും പാടിപറന്നു നടക്കും. ഒരുകുറിയല്ല പലകുറി അബദ്ധം പിണഞ്ഞപ്പോൾ എല്ലാറ്റിനും ഒരു ഒളിവും മറയും വേണമെന്ന് നിജപ്പെടുത്തി.
” ഓ ഇന്നത്തേ പേരമരവീക്ഷണം തുടങ്ങിയിരുന്നോ.. നാം അറിഞ്ഞിരുന്നില്ല,….. അപ്പോൾ അമ്മ സപ്താഹയഞ്ജവും നടത്തികാണുമല്ല….. ഇന്നേക്കുള്ളതായില്ലേ….നിർത്തികൂടെ…..”
അവളാണ്.. ചുമ്മാ ഡയലോഗും കൊണ്ട് ചൊറിയാൻ വന്നിരിക്കയാണ്.
മുഖം കൊടുക്കാൻ പോയില്ല, ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിലിരുന്നു. കുറച്ചുനേരം വന്നുകേറിയ നിൽപ്പിൽ അവൾ ബലം പിടിച്ചു നിന്നു, തന്നിൽ നിന്നും ഒരു പ്രതികരണവും കിട്ടാത്തതുകൊണ്ടോ വാരിവിതറിയ “ചൊറിയണ” വിത്തുകൾ പ്രതീക്ഷിച്ചപോലെ മുളയ്ക്കാത്തതുകൊണ്ടോ ചെറിയ നിരാശയോടെയാണ് അവൾ അകത്തേക്ക് കയറിപോയത്.
മഴമാറിനിന്ന പുലരിയിൽ വീശുന്ന കാറ്റിൽ പേരമരത്തിന്റെ ചില്ലകൾ തന്നെനോക്കി തലയാട്ടി നിന്നു.
” ഇത് വെട്ടിമാറ്റണം… അല്ലേല് കുറച്ച് കൊമ്പെങ്കിലും”
സ്ഥിരശാപവചനങ്ങൾ, ശാരദചേച്ചിയാണ്. കൊഴിഞ്ഞുവിഴുന്ന പേരമരത്തിന്റെ ഇലകൾ തന്റെ മുറ്റമടിക്കൽ ജോലിയുടെ കനംംകൂട്ടൂന്നതാണ് ശാരദചേച്ചിയെ പ്രകോപിതയാക്കുന്നത്. പക്ഷേ അത് സ്ഥിരമുള്ളത്. അതും അമ്മ കേൾക്കാതെ.
ശാരദചേച്ചി എന്നും രാവിലെ എത്തും. അമ്മയ്ക്ക് അടുക്കളയിൽ കൈസഹായി, അതിൻ കൂടെ മുറ്റമടിക്കലും തൊഴുത്ത് വൃത്തിയാക്കലും പശുവിനെ കറക്കലും.
അച്ഛനും മറ്റൊരു അഭിപ്രായമില്ല എന്നതാണ് ഇന്നേവരെയുള്ള നിലവാരം.
“നടുമുറ്റത്തൊരു പേരമരം….വേറേം ഉണ്ടല്ലോ തൊടീല്…
മുറ്റം വൃത്തിക്കേടാക്കാനായിട്ട്…..”
അച്ഛനും പിറുപിറുക്കും . അമ്മ കേൾക്കാതെ.
പേരമരം വെട്ടണോ വേണ്ടയോ….?
എല്ലാരും ഒത്തുകൂടുന്ന ഊണുമേശയിൽ അതൊന്നു വോട്ടിനിട്ടാലോ….!!
അങ്ങനെ തോന്നാതിരുന്നില്ല പലപ്പോഴും. പക്ഷേ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ഓർത്തു പിന്തിരിയുകയായിരുന്നു.
ഒന്നാലോചിച്ചാൽ താൻ ആർക്ക് വേണ്ടി വോട്ടുചെയ്യും..?
അച്ഛനൊപ്പമോ….?
അതൊ അമ്മയ്ക്കൊപ്പമോ….?
ഒരുത്തരം അകലെയാണ്.അങ്ങനെ തോന്നി തുടങ്ങിയത് എപ്പോഴാണ്. വീണുപോകുന്ന നിമിഷങ്ങൾ. ഒറ്റക്കാവുന്ന നേരങ്ങൾ. ആരോടും ഒന്നും പറയാതെ മിണ്ടാതിരിക്കാൻ കൊതിക്കുന്ന നിമിഷങ്ങൾ. കുത്തിനോവിക്കുന്ന ഓർമ്മകൾ തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ദിവസങ്ങൾ.
പേരമരം!
തനിക്കപ്പുറവും ഇപ്പുറവും ആരുമില്ലെന്നറിയുന്ന നിമിഷം
തന്നോട് സംസാരിക്കുന്നു ഏറെ, ഏറെ നേരം. തലമുറകളിൽ നിന്നും തലമുറകളിലേക്ക് നീണ്ടു നിൽക്കുന്ന ചില്ലകൾ.
തന്റെ ചോദ്യങ്ങൾക്കുമുന്നിൽ തലയാട്ടിയും ഇലകൾ പൊഴിച്ചും പൂക്കൾ വിടർത്തിയും കുരുത്തു വരുന്നചെറു പേരക്കകൾ കാണിച്ചും. അവ പിന്നെ മൂത്തും പഴുത്തും അണ്ണാറക്കണ്ണന്മാരും കുഞ്ഞിക്കിളികളുമായി പങ്കുവെച്ചും.
അമ്മ അമ്മയുടെ മുത്തശ്ശനിലേക്ക് ഓർമ്മകളെ കൊണ്ടുപോകുമ്പോൾ മുതുമുത്തശ്ശന്റെ ഓർമ്മകളിൽ താനും. രാകി മിനുക്കിയ അമ്മയുടെ ഓർമ്മശക്തിക്കുമുന്നിൽ തനിക്ക് പിച്ചനടക്കുന്നപ്രായം. ഓർമ്മകളുടെ പകലുകൾ തന്നെ എപ്പോഴാണ് പേടിപ്പെടുത്തി തുടങ്ങിയത്. അന്നാണ് അന്നുമുതലാണ് മുറ്റത്തേ പേരമരം തനിക്കും കൂട്ടായത്. അടുക്കളയിലെ പണി ഒതുങ്ങിയ നേരങ്ങളിൽ പേരമരത്തിൻ ചുവട്ടിൽ പോയിരുന്ന് അമ്മ എന്തൊക്കെയോ സംസാരിക്കുന്നതു കേൾക്കാം. കേൾക്കാൻ കാതോർത്തിരുന്നാലും ഒന്നും മനസ്സിലാവില്ല.
അമ്മ എങ്ങിനെയാണ് ഇത്രയും സ്വരം താഴ്ത്തി സംസാരിക്കുന്നത്? അച്ഛനോട് വഴക്കിടുമ്പോൾ അമ്മയുടെ സ്വരത്തിന് എന്ന് വേവ് ലെങ്ങത്താണുള്ളത്. അതിശയപ്പെട്ടിട്ടുണ്ട് അക്കാര്യത്തിൽ.
“നിന്റെ അമ്മയ്ക്ക് പ്രാന്താ….” അല്ലെങ്കിൽ ഇങ്ങനെണ്ടൊരു പ്രകൃതം….!!!”
പേരമരവും അമ്മയും സംവാദത്തിൽ അച്ഛന്റെ ഭാഷ്യം. അച്ഛനേയും തെറ്റു പറയാൻ പറ്റില്ല. അതിലും ചില ശരികളില്ലേ എന്നു തനിക്കും തോന്നീട്ടുണ്ട്.
പിന്നെ അനിയത്തിക്ക്…!!
അവളൊരു കരയ്ക്കും വഞ്ചി അടുപ്പിക്കില്ല….തുഴഞ്ഞു തുഴഞ്ഞങ്ങനെ നടന്നോളും . കാര്യം കാണാൻ അച്ഛനും അമ്മയും ഒരേപോലെ അവൾക്ക്.
ദീർഘിച്ച പകലുകളേക്കാൾ ദൈർഘ്യം കുറഞ്ഞ രാത്രികളാണ് തനിക്കിഷ്ടം. പകലുകൾ പണ്ടേ തന്നെ ഭയപ്പെടുത്തിയിരുന്നു. അസ്വസ്ഥതയുടെ നിമിഷങ്ങളിലേക്ക് അവ കൂടുതൽ കടുത്ത വർണ്ണങ്ങൾ പകർന്നിരുന്നു. 
പിന്നെ അമ്മയെപോൽ ഒറ്റക്കിരിന്നു സംസാരിക്കുക ആരോടെന്നില്ലാതെ.
ചോദ്യവും ഉത്തരവും ഒരാളിൽ നിന്നു തന്നെ. 
അതും ഏറെ വിരസതയുണർത്തുമ്പോൾ എളുപ്പവഴികളിൽ
പടർന്നു പന്തലിച്ചു നിന്നു പേരമരം.
മറുപടികൾക്കു കാക്കാതെ പറഞ്ഞുകൊണ്ടിരുന്നു.കോലായത്തിണ്ണമേൽ അച്ഛന്റെ ചാരുകസേരയിൽ കാലുകളും കയറ്റിവച്ച് നീണ്ടു നിവർന്നിരുന്ന്..