ഒരു കോണ്ട്രാക്റ്ററുടെ ഡയറി

പണ്ട് പത്താം തരം എത്തും മുമ്പേ രണ്ടു മാസത്തെ സ്കൂൾ അവധിക്ക് എന്തെങ്കിലും കിട്ടിയ പണിയെടുക്കുക പതിവുണ്ടായിരുന്നു. കോൺട്രാക്ടർ മനാഫ്‌ക്ക അയൽവാസിയാണ്. മൂപ്പരുടെ വിശ്വസ്ത സേവകനായി കാര്യസ്ഥന്റെ പണി കിട്ടിയ കുറച്ചു നാൾ. മനാഫ്ക്ക എത്തിടാൻ വൈകുന്ന ചില സൈറ്റിൽ എന്നെയും പറഞ്ഞു വിടും.

ഒരിക്കൽ വെളിയങ്കോട് ഒരു പ്രവാസി കുടുംബത്തിൽ കിണർ പണി നടന്നുകൊണ്ടിരിക്കുന്നു. മനാഫ്ക്ക വരാൻ വൈകുമെന്നതിനാൽ സാധനങ്ങൾ വാങ്ങിടാനും മറ്റുമായി അതിന്റെ ഡീറ്റെയിൽസ് അടങ്ങുന്ന മൂപ്പരുടെ പേർസണൽ ഡയറിയുമായി ഞാൻ ആദ്യം സൈറ്റിൽ എത്തി.

പ്രായമായ ഒരുമ്മയെ കൂടാതെ അവിടത്തെ രണ്ടു ഇത്താത്തമാർ പലപ്പോഴും എന്നെ വല്ലാതെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കാറുണ്ട്. ഈ പത്തോ പതിനാറോ വയസ്സുള്ള ചെറുപ്രായത്തിൽ ജോലിക്ക് എത്തിയതിലായിരുന്നു അവർക്ക് എന്നോട് ഇത്ര മമത. ഏറെ വാത്സല്യമുള്ള സമയത്ത് എനിക്ക് ചോറ് വരെ വാരി തന്നിട്ടുണ്ട്. ഒരിക്കൽ എന്റെ കയ്യിലെ മനാഫ്ക്കാന്റെ ഡയറി ഈ താത്തമാരുടെ ശ്രദ്ദയിൽപെട്ടു.

എന്താടാ ഇത്, അന്റെ മൊതലാളിയുടെ ഡയറി ഞങ്ങളൊന്നു കാണട്ടെ, അത് പറഞ്ഞു അവര് അത് പെട്ടെന്ന് വാങ്ങി തുറന്നു. നോക്കിയപ്പോൾ, മധുരമൂറുന്ന ഏതോ പ്രണയ വാചകങ്ങളിൽ അവരുടെ കണ്ണ് ഉടക്കിയെന്ന് തോന്നുന്നു. അപ്പോഴേക്കും ഞാൻ അവരെ അടുത്ത് നിന്ന് അത് തട്ടി പറിച്ചു.

തരൂല, മറ്റൊരാളുടെ ഡയറി വായിക്കുന്നത് ശരിയല്ല, ഞാൻ അല്പം ദേഷ്യം കലർന്ന മട്ടിൽ പറഞ്ഞു.

അപ്പോൾ എന്തോ ഉണ്ട് കാര്യമായി. അതാണ് ജ്ജ് തരാത്തത്, നല്ല കുട്ടിയല്ലേ. വായിച്ചിട്ട് ഇപ്പൊ തരാടാ..

കിട്ടില്ല എന്നായപ്പോൾ രണ്ടു പേരും കൂടി ബലാൽക്കാരമായി ഡയറി തട്ടിപ്പറിച്ചു. സ്ത്രീകളെ എതിർക്കുന്നതിന്റെ ആ പരിധി വിട്ടപ്പോൾ ഞാൻ നിസ്സഹായാനായി. ഒന്ന് അയഞ്ഞ തക്കം താത്തമാർ ഡയറി വാരി കൊണ്ട് ഓടി. പിന്നെ രണ്ടു പെണ്ണുങ്ങളും ഞാൻ കേൾക്കെ ഉറക്കെ അത് വായിച്ചു രസിക്കുന്നു. മനാഫ്ക്കാ, മനസ്സിൽ കുടിയിരുത്തിയ ഏതോ തന്റെ പ്രാണസഖിയെ കുറിച്ചെഴുതിയതാണ്. ആ കാമുകിയോടുള്ള അടങ്ങാത്ത അഭിനിവേശം വ്യക്തമായി വർണിച്ചിട്ടുണ്ട്. പക്ഷെ, ഇത്ര ദിവസം എന്റെ പക്കൽ ഇരുന്നിട്ടും ഞാൻ പോലും അറിഞ്ഞില്ല. ആ ഡയറിയിലെ പ്രണയ കഥയൊക്കെ. അയാളിൽ ഇങ്ങിനെയൊരു ഭാഷ ശൈലിയൊക്കെ ഉണ്ടോ? വല്ലാത്ത അത്ഭുതമായി. പ്രണയത്തിന്റെ മായാജാലാം തീർക്കുന്ന മാന്ത്രിക സ്പർശം തന്നെ. ഇതൊക്കെ ആ ഇത്താത്തമാരെ വല്ലാതെ ത്രസിപ്പിച്ചു. ഇരുവരും ഏതാണ്ട് ഇക്കിളിപ്പെടുത്തുന്ന കഥാ ബുക്ക് വായിക്കുന്ന മട്ടിൽ പരസ്പരം മത്സരിച്ചു വായിച്ചു രസിക്കുകയാണ്. ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ വല്ലാതെ അസ്വസ്ഥനായി.

അപ്പോഴേക്കും അതാ നമ്മുടെ മനാഫ്ക്ക ഗേറ്റ് കടന്നു വരുന്നു. ഭാഗ്യം. മൂപ്പരെ കണ്ടയുടനെ വളരെ വിദഗ്ധമായി ഡയറി എന്റെ അരികിൽ വെച്ച് താത്തമാർ തടി തപ്പി.

പിന്നീട് പലപ്പോഴൊക്കെ കഥയുടെ ബാക്കി അറിയാൻ ഡയറിക്കു വേണ്ടി എന്റെ പുറകെ കൂടിയെങ്കിലും ഞാൻ പിടികൊടുക്കാതെ ഒഴിവായികൊണ്ടിരുന്നു. പക്ഷെ, ആ കഥ പൂർത്തിയായിരുന്നില്ല. ഒരു നാൾ കിണർ പണിക്കിടെ കുഴിയിൽ മണ്ണ് ഇടിഞ്ഞു. മനാഫ്ക്കയും അവിടെ ഉണ്ടായിരുന്ന സമയം. ചുറ്റുഭാഗവും പൂഴിയുള്ള ആ കിണറിന്റെ അടിയിൽ പെട്ട തന്റെ രണ്ടു ജോലിക്കാരെ ആ മനുഷ്യസ്‌നേഹി രക്ഷപ്പെടുത്തി. തിരിച്ചു മൂപ്പര് എത്ര ശ്രമിച്ചിട്ടും കയറാനാകാത്ത വിധം മണ്ണ് ഇടിഞ്ഞുകൊണ്ടേയിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സുകാരും പാട് പെട്ട് പുറത്തെടുത്തുവെങ്കിലും കഥകളില്ലാത്ത ലോകത്തേക്ക് അപ്പോഴേക്കും അയാൾ യാത്രയായിരുന്നു.

Leave a Reply

Your email address will not be published.