
“നിറയെ കിലുങ്ങുന്ന ചെറിയ മണികൾ വേണം, അത് എന്റെ ചിരിയേക്കാൾ ഉറക്കെ കിലുങ്ങണം”
അമ്പലക്കുളത്തിൽ മുങ്ങാങ്കുഴിയിടുന്നതിനു മുന്നേ അനിയന്റെ കാതിൽ അവൾ തനിക്ക് പിറന്നാളിന് അച്ഛൻ വാങ്ങിത്തരാൻ പോകുന്ന കൊലുസ്സ് എങ്ങനെ വേണം എന്ന് സ്വകാര്യം പറഞ്ഞു.
തനിക്ക് പങ്ക് കിട്ടാത്തതെന്തും അച്ഛനോടും അമ്മയോടും കൂട്ടുചേർന്ന് നിരുത്സാഹ പെടുത്താറുള്ളതുപോലെ ഇതും, പക്ഷെ കൊലുസ്സ് അത് തനിക്ക് ഒരു രീതിയിലും ചേരാത്തതാണ്. തീരെ ഇഷ്ടമില്ലാതെ അച്ഛന്റെ ഒരേ നിർബന്ധത്തിനു ഒറ്റകാത് കുത്തിയത് തന്നെ കൂട്ടുകാർക്കിടയിൽ നാണക്കേടിന്റെ പട്ടം ചാർത്തിത്തന്നതാണ്. അപ്പോഴാണ് ഒരു കൊലുസ്സ് !.
“അതിന് അച്ഛൻ സമ്മതിച്ചോ ?”
ചോദ്യത്തിന്റെ മുൾമുനയിൽ അത് സാധിക്കാതിരിക്കാനുള്ള വഴികളന്വേഷിക്കുമ്പോഴേക്കും അവൾ മുങ്ങാങ്കുഴിയിൽ കുളത്തിന്റെ അവസാന പടവും തൊട്ട് ഒരു കിതപ്പോടെ ശ്വാസത്തിനായി അവനെ ഒന്ന് നോക്കി.
” നീ കണ്ടോ ചിരിക്കുടുക്ക എന്ന് വിളിക്കുന്നവരൊക്കെ എന്റെ കൊലുസ്സിന്റെ കിലുക്കം കേട്ട് മയങ്ങിപോകും”
കിതപ്പൊന്ന് മാറിയപ്പോൾ അവൾ ഇതുകൂടി പറഞ്ഞുവെച്ചു.
“അച്ഛൻ വാങ്ങിത്തരുമായിരിക്കും പക്ഷെ !”
പാതിമുങ്ങി ഉടുത്ത തോർത്ത് അഴിച്ചു തലതുവർത്തി അവന് പറയാനുള്ളത് പരമസത്യം ആണെന്ന ഭാവം മുഖത്തുവരുത്തി അവളെ ശ്രദ്ധിക്കാതെ പടികൾകയറി നടന്നു.
“ന്താ ഒരു പച്ചേ, ഡാ ചെക്കാ നീ പറഞ്ഞിട്ട് പൊ.
പിന്നാലെ ഉൽഘണ്ഠയേക്കാൾ തന്റെ പിറന്നാൾ ആഗ്രഹം സാധിക്കാതെ പോകുമോ എന്ന ഉൾഭയം അവളുടെ കാല്വെപ്പുകളിൽ നിന്നു പരുങ്ങി.
“നിന്റെ ചിരിയേക്കാൾ ഉറക്കെ കുലുങ്ങുന്ന കോലുസോ ? അതുമാത്രം നടക്കാൻ പോണില്ല”
തുവർത്താത്ത മുടിയിഴകളിൽ നിന്നും വെള്ളം ഉറ്റിറ്റു വീഴുമ്പോഴും നനഞ്ഞ ഉടുപ്പാലെ കുളക്കടവിൽ തന്നെ നിന്നു. എന്നത്തേയും പോലെ ആ നിമിഷവും അവൾ ആവശ്യത്തിനും അനാവശ്യത്തിനും സന്ദർഭം നോക്കാതെയും തനിക്ക് ശീലമായിപോയ ആ ചിരിയെ വീണ്ടും വീണ്ടും പഴിച്ചു.
അത്താഴത്തിനിരുന്നപ്പോൾ അച്ഛന്റെ ഓരം ചേർന്നിരുന്നു. അനിയൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു അവൾ കണ്ടഭാവം നടിച്ചില്ല.
“ച്ചാ… ന്റെ കൊലുസ്സിന്റെ കാര്യം ! അടുത്താഴ്ചയാ പിറന്നാള് !
കൈക്കുള്ളിലൂടെ കൈകൾ കോർത്ത് തോളത്തേക്കു തലചായ്ച്ചു അൽപ്പം കൊഞ്ചിക്കൊണ്ടു ഒന്നുടെ ഓർമിപ്പിച്ചു.
മറക്കാതെ പിറന്നാളിന് അച്ഛനവളുടെ കാലിലേക്ക് ഒരു കൊലുസ്സ് അണിയിച്ചുകൊടുത്തു. തട്ടാനോട് പറഞ്ഞു പണികഴിപ്പിച്ച നിറയെ മണികളുള്ള കൊലുസ്സ്.
സന്തോഷംകൊണ്ട് ഉറക്കെ ചിരിച്ച് അവൾ മുറ്റത്തും തൊടിയിലുമൊക്കെ ഓടിക്കളിച്ചു.
കൂടെപഠിക്കുന്ന കൂട്ടുകാരികളോടും അമ്മയോടൊന്നിച്ചു തുണികഴുകാൻ പോകുന്ന കുളക്കടവിലെ പെണ്ണുങ്ങളോടുമൊക്കെ അവൾ തന്റെ കൊലുസ്സിന്റെ കിലുക്കത്തിന്റെ കേമത്തം വിളമ്പി. കെട്ടവരൊക്കെ അവളെ നോക്കി കളിയാക്കി ചിരിച്ചു.
“തെന്തിനാ ആൾക്കാർ ചിരിക്കണേ ?”
എത്ര ആലോചിച്ചിട്ടും അവൾക്കതിന്റെ ഉത്തരം കിട്ടിയില്ല. കളിയാക്കി ചിരി സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ അവൾ നാലാള് കൂടുന്നിടത്തു നിന്നൊക്കെ സ്വയം ഉൾവലിഞ്ഞു.
“മ്മേ… ന്റെ കൊലുസ്സിനു കിലുക്കമില്ലേ ?, ന്തിനാ ല്ലാരും എന്നെ കളിയാക്കി ചിരിക്കണേ ?
അവളെ സ്നേഹത്തോടെ തലോടിക്കൊണ്ട് അമ്മയ്ക്കുമാത്രം അറിയുന്ന ഒരു ചിരി ചിരിച്ചു. എപ്പോഴോ ഉറക്കെ ചിരിക്കാൻ മറന്ന ആ മുഖത്തു തന്റെ മകളുടെ ചിരികണ്ട് സന്തോഷിച്ച ആ അമ്മ പറയാതെ പറഞ്ഞു
“കൊലുസ്സിനേക്കാൾ ന്റെ കുട്ടിയുടെ ചിരിക്കല്ലേ കിലുക്കം “
തുള്ളിച്ചാടിയ കാലുകൾ പതിയെ നടന്ന് കൊലുസ്സിന്റെ കിലുക്കത്തെ ചെവിയോർത്തു, ചിരിയൊച്ച മിഴിച്ചുകേട്ട ആ വീടിന്റെ അകത്തളങ്ങൾ പതിഞ്ഞ കൊലുസ്സിന്റെ താളം കൊണ്ട് തൃപ്തിപ്പെട്ടു.
” ന്നാലും നിന്റെ മകളുടെ ചിരിയുണ്ടല്ലോ !”
പരാതിയും അതിശയവും കലർന്ന ഈ വാക്കുകളുടെ മേൽ ഒരച്ഛന്റെ തീരുമാനമായിരുന്നു ആ കൊലുസ്സെന്ന് മനസിലാക്കുമ്പോഴേക്കും. ചിരിയെ മറന്ന് നിശബ്ദതയെ അവൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.