
ആന്സി മോഹന് മാത്യൂ
ഇന്നലെവരെ തൻവിക ചിരിക്കുന്നുണ്ടായിരുന്നു.കാഴ്ചകൾ കാണുന്നുണ്ടായിരുന്നു. കൂട്ടത്തിലെ സെൽഫി ഭ്രാന്തി നീന പറയുമ്പോൾ മൊബൈലിന്റെ ഫ്രണ്ട് ക്യാമറയ്ക്കു മുന്നിൽ ഇളിക്കുന്നുമുണ്ടായിരുന്നു. കോപ്രായങ്ങൾ കാട്ടുന്ന കോമാളിയെ പോലെ.ഓർമ്മകൾ നെയ്യാൻ, താൻ ആഘോഷത്തിലാണെന്നു സ്വയം ബോധിപ്പിക്കാൻ.
ഇന്ന് പക്ഷെ അവൾ തളർന്നിരിക്കുന്നു.ഇടനെഞ്ചിൽ സ്ഥാനം പിടിച്ച ഭാരം താങ്ങാൻ അവൾ പാടുപെട്ടു. രാവിലെ എഴുന്നേറ്റില്ല.പല്ലു തേച്ചില്ല. ചുരുണ്ട മുടി വാരി കെട്ടിയില്ല.ജനാല തുറന്നില്ല. സിഗററ്റ് എടുത്തെങ്കിലും കത്തിച്ചില്ല. അഴകളവുകൾ വിളിച്ചു കാണിക്കുന്ന നേർത്ത സ്ലീവ്ലെസ്സ് നൈറ്റിയിൽ ഹോട്ടലിലെ ഫോം മെത്തയിൽ കുഴിഞ്ഞമർന്നു കിടന്നു.
ഇന്നത്തെ ദിവസം അവൾ ഒരു ഫോൺ വിളി പ്രതീക്ഷിച്ചിരുന്നു. അല്ലെങ്കിൽ വാട്സാപ്പിൽ ഒരു മെസ്സേജ്. കഴിഞ്ഞ രാത്രി ഒരു പോള കണ്ണടയ്ക്കാനും സാധിച്ചില്ല.ചിന്തകൾ തലയിൽ കൂടുകെട്ടിയിരുന്നു, മറ്റൊരിക്കലും സംഭവിക്കാഞ്ഞതുപോലെ. രാത്രി വെളുക്കാൻ അവൾ കാത്തിരുന്നു.
കഴിഞ്ഞ കൊല്ലം വരെ ഈ ദിവസം തൻവികയ്ക്കു സർപ്രൈസുകളുടേതായിരുന്നു.താലികെട്ടിയ ദിനം മാത്രമല്ല, പ്രണയം പറഞ്ഞത്,ഹോസ്റ്റൽ മതിൽ ചാടി ആദ്യമായി ബൈക്കിൽ ചുറ്റിയത്,വീടിന്റെ ടെറസിനു മുകളിൽ പാതിരാത്രി കാണാൻ വന്നത്,ആദ്യ സിനിമ, ആദ്യ ചുംബനം അങ്ങനെ ഓരോന്നിന്റെയും ദിവസവും തീയതിയും ഫേസ്ബുക്കിനേക്കാൾ കൃത്യമായി ഓർത്തിരുന്നതും അവളെ ഓർമിപ്പിച്ചിരുന്നതും നോബിളായിരുന്നു.ഒന്നും ഓർക്കാൻ മിനക്കെട്ടിരുന്നില്ല, ഉത്തരവാദിത്തങ്ങൾ എടുക്കാൻ, അതെത്ര ചെറുതായാലും, അവൾ മടിച്ചിരുന്നു. പട്ടം പോലെ തെന്നി തെന്നി നടക്കാനാണ് അവൾക്കിഷ്ടം.തോന്നുന്ന സമയങ്ങളിൽ മാത്രം ചെയ്യുന്ന പെയിന്റിങ്ങുകൾ, അവയുടെ ഓൺലൈൻ വിൽപന.അത് തന്നെയും നോബിൾ ഉന്തി തള്ളിയാൽ മാത്രം. തനു വീണ്ടും വാട്സാപ്പ് എടുത്തു നോക്കി.ഇല്ല.നോബിൾ തന്നെ മറന്നിരിക്കുന്നു.
“തനൂ ..നീയവിടെ എന്തെടുക്കുവാ? ഒന്ന് വരുന്നുണ്ടോ? ദേ ലേറ്റായാൽ പാരാഗ്ലൈഡിങ് വീണ്ടും സ്വപ്നം മാത്രമാകും കേട്ടോ.. “ നീനയുടെ ഉറക്കെയുള്ള ശബ്ദം തനുവിനെ തെല്ലൊന്ന് അസ്വസ്ഥയാക്കി.
“ഞാൻ വരുന്നു.. നീ പോയി കഴിച്ചു തുടങ്ങിക്കോ..
ചുരുണ്ടു കിടക്കുന്ന ഷീറ്റുകൾ ഒന്നുകൂടി ചുരുട്ടി അവൾ മുഖം പൂഴ്ത്തി. നീന അവളുടെ പാർട്നർ വസന്തിന്റെ കൂടെ ബ്രേക്ഫാസ്റ്റ് കഴിക്കാൻ താഴത്തെ നിലയിലേക്ക് പോയി. ഇന്ന് സെയ്ഷെൽസ് ട്രിപ്പിന്റെ നാലാം ദിവസം.ഇന്ത്യൻ മഹാസമുദ്രവും മലനിരകളും തൊട്ടുരുമ്മി നിൽക്കുന്ന ചെറു ദ്വീപുകൾ.ഡിവോഴ്സ് സെലിബ്രേറ്റ് ചെയ്യാൻ പറ്റിയ സ്ഥലം.സമാധാനമായി തെളിമയോടെ ചിന്തിക്കാനും ഒരു ബിയർ അടിച്ചു സുഖമായി ഉറങ്ങാനും കടലിരമ്പലിന്റെ ഹുങ്കാരശബ്ദം കൂട്ട്. കഴിഞ്ഞ ദിവസം സ്കൂബാ ഡൈവിംഗ് ചെയ്തപ്പോൾ ആകെ അവൾ ഒന്നുണർന്നതാണ്.കടൽ ഗർഭം ധരിച്ചിരിക്കുന്ന മായക്കാഴ്ചകൾ അവളെ അദ്ഭുതപ്പെടുത്തി.പേരറിയാത്ത വർണ്ണങ്ങൾ ഡൈവിംഗ് മാസ്കിനുള്ളിൽ കണ്ണുകളെ സജലങ്ങളാക്കി.പവിഴപുറ്റുകളും അനീമൺ കാഴ്ചകളും ഇന്ന് വരെ ഒരു അക്വാറിയത്തിലും കണ്ടിട്ടില്ലാത്ത മത്സ്യക്കൂട്ടങ്ങളും കണ്ടപ്പോൾ തനു മനസ്സിൽ കരുതി ,ഇതൊക്കെയാണ് താൻ കൊതിച്ചത്. വെള്ളത്തിനടിയിൽ ഭാരമില്ലാതെ യഥേഷ്ടമുള്ള ത്രിമാനചലനങ്ങൾ അവളിലെ സ്വാതന്ത്ര്യ ബോധത്തെ ഉണർത്തി. ഒരു മത്സ്യക്കുഞ്ഞിനെപ്പോലെ താനും ഒഴുകിനടക്കുകയാണെന്നുറപ്പിച്ചു.
തൻവിക ചെറുപ്പം മുതലേ ഇങ്ങനെയാണ്.ബാലിശമായ ചടുല ചിന്തകൾ.പെട്ടെന്ന് തീരുമാനങ്ങളെടുക്കും.വീണ്ടുവിചാരമില്ലാതെ.’Take life as it comes ’ എന്ന് ഇടയ്ക്കിടെ പറയും.വികാരങ്ങൾക്ക് പെട്ടെന്ന് അടിമപ്പെടും.ദേഷ്യവും സങ്കടവും പ്രണയവും സന്തോഷവും എല്ലാം.നോബിൾ അവളുടെ ഈ സ്വഭാവത്തെ ആസ്വദിച്ചിട്ടേയുള്ളൂ.പക്ഷെ തന്നെ വിട്ടുകളയാനുള്ള തീരുമാനവും ഇത്ര എളുപ്പത്തിൽ അവൾക്കു എടുക്കാൻ കഴിയുമെന്ന് നോബിൾ കരുതിയിരുന്നില്ല.തകർന്നു പോയി അവൻ.കഴിയുന്നതും ശ്രമിച്ചു, കൗൺസിലിംഗ് , കൂട്ടുകാർ , അച്ഛനമ്മമാർ അങ്ങനെ എല്ലാവരും.തനു എന്നിട്ടും തിരിഞ്ഞു തന്നെ നടന്നപ്പോൾ അവൻ തോറ്റുപോയി.
തനു കട്ടിലിൽ കമഴ്ന്നു കിടന്നു. മൂന്ന് വർഷത്തെ പ്രണയവും വിവാഹവും ആറു വർഷത്തെ സർവ സന്തുഷ്ട ദാമ്പത്യവും തകർന്നു തുടങ്ങിയ ആ ഫെബ്രുവരി ഇരുപത്തി മൂന്ന് മാത്രമേ ഇപ്പോൾ ഓർമയിലുണ്ടാവൂ നോബിളിനും.ഒരു മടുപ്പ്.”എനിക്ക് മതിയായി,”എന്ന വാക്കുകളിൽ തനു തന്നെയാണ് അത് തുടങ്ങിയത്. എന്തിനായിരുന്നു, എങ്ങനെയായിരുന്നു ആ തോന്നൽ? മടുപ്പ് , എന്നു പറഞ്ഞാൽ മടുപ്പ്. ഇഷ്ടമില്ലായ്മ. അതിൽ കൂടുതൽ ചികഞ്ഞു നോക്കിയിട്ടും ഒന്നും കിട്ടുന്നില്ല. പ്രണയമാണോ മടുത്തത് ? ഒരു കുഞ്ഞിനെയെന്നപോലെ തന്നെ കരുതിയ നോബിളിന്റെ സ്നേഹം വലിച്ചെറിയാനും മാത്രം തന്നെ മോഹിപ്പിച്ചതെന്തായിരുന്നു?തന്റെ തീരുമാനങ്ങൾ തന്റേത് മാത്രം, തിരിഞ്ഞു ചിന്തിക്കില്ല എന്നുറച്ചു വിശ്വസിച്ചിരുന്നത് തെറ്റിയോ?
വന്ന ദിവസം തന്നെ തുടങ്ങി വെച്ച ഒരു പെയിന്റിംഗ് ഉണ്ട്.അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് പാതി ശൂന്യമായ ക്യാൻവാസ് നോക്കി നിന്നു. ഹോട്ടൽ റൂമിന്റെ കടലിന് അഭിമുഖമായി തുറക്കുന്ന ജനാലയ്ക്കൽ നിന്നാണ് തനു അത് ചെയ്യുന്നത്.പുറത്തെ സ്വാതന്ത്ര്യത്തിലേക്ക് എത്തി നോക്കിക്കൊണ്ട്.കടൽകാക്കകളെയും , തിരയിൽ കളിക്കുന്ന സ്വിം സ്യുട് അണിഞ്ഞ യൗവനക്കാരെയും കുട്ടികളെയും കണ്ടു കൊണ്ട്. ആ ചിത്രം അവളുടെ ഡിവോഴ്സ് ആഘോഷത്തിന്റെ ഓർമയ്ക്കായിട്ടാണ്, സ്വപ്നം കാണുന്ന ജീവിതത്തിന്റെ പ്രതിഫലനമാണ്, ഭ്രാന്തമായ ചടുല ചിന്തകളുടെ ആവിഷ്കാരമാണ്.വിവിധ വർണ്ണങ്ങളുടെ സുന്ദര നൃത്തമാണ്.
അവൾക്ക് ആകെ ദേഷ്യം തോന്നി.ഇതൊന്നുമല്ലാതായിരിക്കുന്നു താൻ. ഇപ്പോൾ നോക്കുമ്പോൾ എല്ലാത്തിനും മേൽ ഒരു പാട ചൂടിയതുപോലെ. സ്വത്വം നഷ്ടപ്പെട്ടവളെ പോലെ അലറാൻ തോന്നി. അവൾ പുറത്തേക്കു നോക്കി.രണ്ടു കുട്ടികൾ മണ്ണുകൂട്ടി കൊട്ടാരങ്ങൾ പണിയാൻ നോക്കുന്നു.കുറേയേറെപ്പേർ രാവിലെ തന്നെ കടലിൽ കുളിക്കുന്നു, കളിക്കുന്നു,തിരയ്ക്കൊപ്പം മുങ്ങി പൊങ്ങുന്നു.രാത്രി വേലിയേറ്റത്തിൽ നനഞ്ഞ ഹോട്ടൽ വരാന്തയിൽ നിന്ന് ഇപ്പോഴും ഈർപ്പം വിട്ടിട്ടില്ല.തന്റെ ചിന്തകൾ പോലെ നനഞ്ഞൊട്ടിയിരിക്കുന്നു.
“ഞാൻ ഹാപ്പിയല്ലേ?” തനു സ്വയം ചോദിച്ചു. ഉത്തരമില്ലാതെ. വീണ്ടും കുറെ നേരം മനസ്സിലിട്ടു കൊട്ടിക്കുലുക്കി ആലോചിച്ചതിനു ശേഷം അവൾ ഫോണെടുത്തു.വാട്സാപ്പിൽ മുൻപ് ക്ലിയർ ചാറ്റ് ചെയ്ത നോബിളിന്റെ നമ്പറിൽ ടൈപ്പ് ചെയ്തു.
“നോബി ,നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല, അത്രയേറെ സ്നേഹിച്ചവളെ വെറുക്കാൻ പക്ഷെ ഒരു നിമിഷം മതിയാകും, അല്ലേ?എനിക്ക് നിന്നെ കാണാൻ തോന്നുന്നു.നിന്നെയല്ല എനിക്ക് മടുത്തത്.ഒറ്റയ്ക്കാവാനൊരു കൊതി തോന്നി. അത്ര തന്നെ.അതിനെ കീറിമുറിച്ചു ചിന്തിക്കാനൊന്നും അറിയില്ല.മനസ്സിൽ പൂർണ്ണമായും വരച്ച് ക്യാൻവാസിൽ തുടങ്ങിവെച്ച പെയിന്റിംഗ് പൂർത്തിയാകാതിരിക്കുന്നത് നീ ഇല്ലാത്തതുകൊണ്ടാണെന്ന് ഞാൻ മനസിലാക്കുന്നു.പാരാഗ്ലൈഡിങ്ങിലെ കാഴ്ചകളും അതിൽ വരേണ്ടതാണ്, പക്ഷെ ഇനിയുണ്ടാവില്ല.Please call me before I lose myself.”
നിയമപരമായി വേർപെട്ടതിന്റെ എട്ടാം ദിവസമായ ഇന്നലത്തെ സൂര്യാസ്തമനമാണ് എല്ലാം തകിടം മറിച്ചത്.താമസിക്കുന്ന ഹോട്ടലിന്റെ കടലിനു മുകളിലേക്ക് ഇറങ്ങിനിൽക്കുന്ന റെസ്റ്റോറന്റ് ഡെക്കിലിരുന്നു പിസ്സ കഴിക്കുകയായിരുന്നു തനു.അന്നുവരെ അവൾ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അസ്തമനം കണ്ടു കൊണ്ട്.തൊട്ടടുത്ത മേശയിൽ നീനയും അവളുടെ ലിവിങ് ടുഗെതർ പാർട്ണർ വസന്തും കൈകോർത്തിരുന്നു കൊഞ്ചിക്കുഴയുന്നതു കണ്ടപ്പോൾ , തനുവിന്റെ വിരലുകളും അറിയാതെ മുറുകി.ഉള്ളിൽ ചിത്രശലഭങ്ങൾ ചിറകടിച്ചു. ചുണ്ടിൽ പുഞ്ചിരി വിടർന്നു.അടുത്ത നിമിഷം അവൾ യാഥാർഥ്യത്തിലേക്ക് തിരികെയെത്തി. ഏതു മനോഹരകാഴ്ചയും അതിന്റെ പൂർണ്ണതയിലെത്തുന്നത് അതാസ്വദിക്കാൻ പ്രിയമുള്ളൊരാൾ കൂടെയുള്ളപ്പോഴാണെന്ന് അവൾക്കു തോന്നി. ആ തോന്നൽ പക്ഷെ അവളെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടതുപോലെയായി.ഒരു നിമിഷം കൊണ്ട് തനുവിന്റെ ഹൃദയം ഭാരത്താൽ തൂങ്ങി. രണ്ടാളും ഒന്നിച്ചു കറി വെച്ചതും കളിച്ചതും അടികൂടിയതും കുളിച്ചതും യാത്ര പോയതും പെയിന്റ് എറിഞ്ഞതും കാർ തള്ളിയതും തുടങ്ങി ഒൻപതു വർഷങ്ങൾ പങ്കിട്ടതെല്ലാം മനസ്സിൽ സാറ്റ് കളിച്ചു. വല്ലാത്തൊരു നഷ്ടബോധം അവളെ കീഴ്പ്പെടുത്തിക്കളഞ്ഞു. വീണ്ടും മൊബൈലെടുത്തു നോക്കി.നിരാശയോടെ.
മഴക്കാറുള്ള ദിനം മടിച്ചു മടിച്ചെത്തുന്ന സൂര്യനെപ്പോലെ യാതൊരുഷാറുമില്ലാതെ അയഞ്ഞ വെള്ള ടോപ്പും കാർഗോ പാൻറ്സുമിട്ടു , മുടി വാരി ഉച്ചിയിൽ കെട്ടി താഴെ ചെന്ന് റെസ്റ്റോറന്റിൽ എത്തി. നീണ്ടു നിവർന്ന മേശമേൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ.കോൺഫ്ളക്സ് ,പലതരം ബ്രെഡുകൾ,പാൻ കേക്ക് , സോസേജ്,മട്ടൺ ഫ്രൈ പിന്നെ ഒരു മേശ നിറയെ അവിടുത്തുകാരുടെ പ്രിയപ്പെട്ട 'ക്രെയോൾ' വിഭവങ്ങൾ.ഒരുതരം മസാലയിട്ട ചോറും അതിനൊപ്പം കൂട്ടാൻ കുറെയേറെ മീൻ വിഭവങ്ങളും.തനു രണ്ടു കഷ്ണം ബ്രെഡിൽ വെണ്ണ പുരട്ടി കഴിച്ചെന്നു വരുത്തി.നീനയും വസന്തും ബോട്ട് പോയിന്റിൽ തന്നെ അക്ഷമരായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.താഴെ അടിവശം കാണുന്ന വിധം ചില്ലുപാകിയ ബോട്ടായിരുന്നിട്ടു കൂടി തനു അങ്ങോട്ടേക്ക് നോക്കിയതേയില്ല.നീന അവളെ തോണ്ടിക്കൊണ്ടിരുന്നു, “ദേ നോക്ക് , സ്റ്റാർ ഫിഷ്… അവിടെ കോറൽ.. ദേ ജെല്ലി ഫിഷ്…” തനു ഒന്നും കേട്ടില്ല, കണ്ടില്ല.
“നീയെന്താ വല്ലാണ്ടിരിക്കുന്നെ?”
“Nothing”
“വീണ്ടും സ്ക്രൂ ഇളകിയോ പെണ്ണേ”
“ഒന്ന് മിണ്ടാതിരുന്നേ നീനാ…” തനു മുഖം തിരിച്ചു.
“അവൾക്കിങ്ങനാ…ഓരോന്നു തോന്നുംപോലെ പറയും ചെയ്യും… മൈൻഡ് ആക്കണ്ട” വസന്തിനോട് രഹസ്യത്തിൽ പറഞ്ഞു രണ്ടാളും ചിരിച്ചു.
സെയ്ഷെൽസിന്റെ തലസ്ഥാന നഗരിയായ വിക്ടോറിയയുടെ വടക്കുള്ള ബെൽ ഒമ്പറിൽ ബോട്ടിറങ്ങി, ഒരു മണിക്കൂർ ബഗ്ഗിയിലും പിന്നെ ഹൈക്കിങ്ങുമായി മൗണ്ട് സിംപ്സന്റെ പാരാഗ്ലൈഡിങ് സ്റ്റാർട്ട് പോയിന്റിലെത്തി.മുന്നേ വന്ന രണ്ടു പേരുടെ അതിസാഹസികമായ ടേക്ക് ഓഫ് കണ്ടതോടെ നീനയും വസന്തും തീരുമാനം മാറ്റി. കയറ്റം തന്നെ അവർക്ക് ആയാസകരമായിരുന്നു.
തനു പക്ഷെ പിന്മാറിയില്ല.സുരക്ഷാ കവചങ്ങളിട്ടൊരുങ്ങി അവൾ നിന്നു.റഷ്യൻ ഗൈഡ് റസ്റ്റർ പറഞ്ഞുകൊടുത്തതെല്ലാം ശ്രദ്ധയോടെ കേട്ടു. റസ്റ്ററിന്റെ ജാക്കറ്റിൽ നിന്നുള്ള ബെൽറ്റ് എക്സ്റ്റൻഷൻ തനുവിന്റെ സേഫ്റ്റി ജാക്കറ്റിൽ ഘടിപ്പിച്ചു.അരയ്ക്കു ചുറ്റും ഫൈബർ ക്യാപ് ഒരു സീറ്റ് പോലെ പിടിച്ചിരുന്നു.ഗ്ലോവ്സ് ഇട്ട കൈകൾ ഇരുവശവുമുള്ള സ്ട്രിങ്ങുകളിൽ മുറുകി.റസ്റ്റർ തന്നെ തനുവിന്റെ തലയിൽ ഹെൽമെറ്റ് വെച്ചു ലോക്ക് ചെയ്തു. പറന്നിറങ്ങുന്നതു സെന്റ് ആൻ മറൈൻ നാഷണൽ പാർക്കിലാവും. നീനയും വസന്തും കുന്നിറങ്ങി ബോട്ട് മാർഗം അവിടെയെത്തും.അവിടെയാവും അന്നത്തെ ഉച്ചഭക്ഷണം.അവിടുത്തെ ഭീമൻ ആമകളെയും മറ്റും കണ്ടു വൈകുന്നേരം ബോട്ടിൽ മടക്കം. തനു എല്ലാം തലയാട്ടി സമ്മതിച്ചു.
ടേക്ക് ഓഫിന് തൊട്ടു മുൻപ് ഒരിക്കൽ കൂടി മൊബൈൽ നോക്കി. അവൾ അയച്ച മെസ്സേജ് ഇപ്പോഴും ഒരേയൊരു ടിക് മാർക്കിൽ ചാപിള്ളയായി കാണപ്പെട്ടു. മൊബൈലും ബാക്ക്പാക്കും നീനയെ ഏൽപ്പിച്ച് അവൾ ടേക്ക് ഓഫിന് തയ്യാറായി.
“I’m here to enjoy my solitude!!!!” ദൂരെ കണ്ട മലനിരകളോട് അവൾ കൂവി വിളിച്ചു പറഞ്ഞു. സ്വീകരിക്കാത്ത വിധം ആ വാക്കുകൾ തിരികെ പറന്നു, എങ്ങോട്ടെന്നില്ലാതെ. റസ്റ്റർ പറഞ്ഞതനുസരിച്ച് ആദ്യത്തെ അഞ്ചെട്ടു സ്റ്റെപ് ഓട്ടത്തിന് ശേഷം കാലുകൾ ഭൂമിയിൽ തൊടാതായി. മഞ്ഞയും ചുവപ്പും നിറങ്ങളിൽ കനോപ്പി വിസ്തരിച്ചു തുറന്നു. അവൾ പറന്നു.മലനിരകൾക്കു മേൽ സൂര്യനെ ചുംബിക്കാനെന്നവണ്ണം. അതി വേഗത്തിൽ. ശക്തിയായ തണുത്ത കാറ്റ് അവളുടെ മുഖം വേദനിപ്പിച്ചു. റസ്റ്റർ താഴെ മാഹേ ദ്വീപിൽ വിക്ടോറിയ നഗരത്തിലെ ഓരോ കാഴ്ചകളും പറയുന്നുണ്ടായിരുന്നു.ക്ലോക്ക് ടവർ ,മൌണ്ട് ദൊബാൻ,പ്രശസ്തമായ വിക്ടോറിയ മാർക്കറ്റ്. കുറെ കഴിഞ്ഞപ്പോൾ കരയിലെ കാഴ്ചകൾ കാണാതായി.പച്ചപ്പ് മാത്രം. കടലിന്റെ ഓളപ്പരപ്പിൽ ദൂരെ ദൂരെ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചെറുദ്വീപുകൾ.ലോങ്ങ് ഐലൻഡ്,പ്രസ്ലിൻ , സെർഫ് ഐലൻഡ് , റസ്റ്റർ പറഞ്ഞുകൊണ്ടേയിരുന്നു. ഭാരമറിയാതെ ചിറകു വീശാതെ മഹാസമുദ്രത്തിന്റെ നീല പരപ്പിനു മേൽ അനന്തമായ ആകാശത്തിലൂടെ പെയ്തൊഴിയാത്ത കാർമേഘം പോലെ ഉരുകി ഒഴുകി നീങ്ങുമ്പോൾ തനുവിന്റെ കണ്ണുകൾ വീണ്ടും സജലങ്ങളായി.ഇത്തവണ പക്ഷെ മനസു നിറഞ്ഞിട്ടായിരുന്നില്ല,താൻ ഒറ്റപ്പെട്ടു എന്ന ബോധ്യത്തിലായിരുന്നു.