
അബ്ദുൽ കാതർ അറയ്ക്കലിന്റെ പുസ്തകത്തിനൊരു വായനാ കുറിപ്പ്
കൃഷ്ണകുമാര്‍ കണിയാട്ടിൽ
-ഒരു വായനാകുറിപ്പ്
ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ മെയ്യാൻ ശില്പിക്ക് കരവിരുതിനൊപ്പം സാകൂതമായ കാഴ്ച്ചയും വേണം. അതുപോലെ ജീവിതഗന്ധിയായ കഥകൾ മെനയാൻ കേട്ടറിവും കണ്ടറിവും കൊണ്ടറിവും ധാരാളമായുള്ള എഴുത്തുകാരനേ കഴിയൂ. എന്തിന് രോഗാവസ്ഥയേയും മരണത്തേയും സരളമായി വിശ്വാസങ്ങളോട് ചേർത്ത് നിർത്തി കഥപറയുന്നു കാതർ! വായിക്കുകയാണെന്ന തോന്നലുളവാക്കാതെ അത്രടം ഒന്ന് പോയി വന്ന അനുഭവമാണ് കാതറിക്കാന്റെ കഥകളുടെ വായന.
പ്രവാസി അബ്ദുവിനൊപ്പം നിഗൂഢമായ, ദുർഗ്രാഹ്യമായ രഹസ്യങ്ങൾ പേറുന്ന, ജീവിക്കുന്ന വെളുത്ത രൂപങ്ങള്‍ വസിക്കുന്ന വെളിച്ചമില്ലാത്ത അടച്ചിട്ട മുറികളുള്ള അറബി വില്ലയിൽ, അവർ വലിയ കോപവും ധാർഷ്ട്യവുമുള്ള പുരുഷ ദേവതകളായ ജിന്നുകളാണോ എന്നറിയാൻ, കഴിഞ്ഞ കാലത്തെ കഥകളുടെ പൊരുളറിയാൻ… അത്രടം ഒന്ന് പോയി വരാം….
ഒന്നാം ക്ലാസ് മുതൽ കൂട്ടുകാരായിരുന്ന അന്ത്രുവിനും യാസ്മിനുമൊപ്പം അവരുടെ ഗ്രാമത്തിലേക്ക്, പള്ളിക്കൂടത്തിലേക്ക്, പേർഷ്യയില്‍ മക്കളോ മരുമക്കളോ ഉള്ള കൂട്ടുകുടുംബങ്ങളിലേക്ക്, പീന്നീട് പെരുത്തിഷ്ടമുള്ള ഉണങ്ങിയ മാമ്പഴത്തോലിനു പകരം അവന്റെ കൈപിടിച്ച് മരണക്കിടക്കയിൽ നിന്നും പൂമ്പാറ്റയെപ്പോലെ പറന്നകന്ന യാസ്മിന്റെ വീട്ടിലേക്ക്… പെയ്തൊഴിയാതെ ആ കാർമേഘം അപ്രത്യക്ഷമായ ആകാശത്തിലേക്ക്…..അത്രടം ഒന്ന് പോയി വരാം….
നാലു തലമുറകളിലെ അംഗങ്ങളിലൂടെ തിക്താനുഭവങ്ങളുടെ കഥ പറഞ്ഞ് മൺമറഞ്ഞവരുടെ ഓർമ്മദിനം നൊമ്പരപ്പെരുന്നാളാക്കി, തന്റെ പുതിയ തലമുറയെക്കൂടി ഒപ്പം ചേർത്ത് അന്യമായിക്കൊണ്ടിരിക്കുന്ന കൂട്ടുകുടുംബത്തിലെ കഥാനായകൻ പരേതാത്മാക്കളെ വിരുന്നൂട്ടാൻ വന്ന ആ തറവാട്ടില്‍… അത്രടം വരെ ഒന്ന് പോയി വരാം….
പിറന്നവർക്കൊക്കെ അന്നം കൊടുക്കാൻ കെല്‍പ്പുള്ള, പത്തായപ്പുരയും, ആടുമാടുകളുമൊക്കെയുണ്ടായിരുന്ന വലിയ വീട്ടിൽ വിധിവൈപരീത്യം ഒറ്റപ്പെടുത്തിയപ്പോള്‍, സമൂഹത്തിലെ ക്ഷുദ്രശക്തികളില്‍ നിന്നും രക്ഷാകവചമായി ഭ്രാന്തഭിനയിക്കുന്ന കയ്യുത്തയെ കാണാൻ അബ്ദുന്റേം ഉമ്മെന്റേം കൂടെ…. അത്രടം വരെ ഒന്ന് പോയി വരാം…..
പേർഷ്യക്ക് പോകുക ദേശത്തെ തന്നെ വലിയ സംഭവമായിരുന്ന കാലത്താണ് യുവത്വത്തിലേക്ക് കാലൂന്നിയ പയ്യൻ അബ്ദുവിന് വിസ ശരിപ്പെടുന്നത്. നാട്ടുകാരായ ഗൾഫ് പ്രവാസികൾക്കൊക്കെ വീട്ടുകാരോട് കത്തുകൾ ചോദിച്ചുവാങ്ങിയ അബ്ദുവിനെ യാത്രയാക്കികൊണ്ട് ഉപ്പ പറയുന്നു, നിനക്കുള്ള ഒരു കത്ത് ഉപ്പയും അക്കൂടെ വച്ചിട്ടുണ്ടെന്ന്. തുടർന്ന് നാട്ടുകാരും വീട്ടുകാരും എല്ലാം തങ്ങളുടേതായ സ്നേഹപ്രകടനങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കാന്‍ എത്തിയ അബ്ദുവിന്റെ കോടത്തൂർ എന്ന ഗ്രാമത്തിലെ വീട്ടിലേക്ക്…. അത്രടം വരെ ഒന്ന് പോയി വരാം…
കണ്ടും കേട്ടും കൊണ്ടും വളർന്ന കഥാകാരന്റെ ജീവിതവഴികളിൽ ഒപ്പം സഞ്ചരിച്ച് നാട്ടുകാരേയും വീട്ടുകാരേയും പരിചയക്കാരേയും ഒക്കെ കണ്ട് അത്രടങ്ങളിൽ ഒന്ന് പോയി വരാം!!