ക്രിസ്റ്റീന

ബുഷ്റ അസ്കര്‍

നേർത്ത മഞ്ഞിൻ തുള്ളികൾ കാറിന്റെ ഡോറിന്റെ  ചില്ലിൽ രൂപപ്പെടുകയും അലിഞ്ഞില്ലാതാവുകയും  ചെയ്തു കൊണ്ടിരുന്നു. അത് അകത്തു നിന്നും പുറത്തേക്കുള്ള കാഴ്ചയെ മറച്ചിരുന്നു.

“Let me know her vitals in each hour,,? Ok??? 

Yes… ഡോക്ടർ….!! അപ്പുറത്ത് സിസ്റ്റർ മിനി ഉത്തരം നൽകി… ഡോക്ടർ ജൂഡ്  ഹോസ്പിറ്റലിലേക്ക് വിളിച്ച കോൾ കട്ടാക്കി..

പിറ്റേന്ന് നേരം പുലർന്നാൽ  ക്രിസ്മസ് ആണ്. രാത്രി തിരക്കിൽ ഒഴുകേണ്ടിയിരുന്ന നഗരം… നക്ഷത്ര വിളക്കുകൾ, തോരണങ്ങൾ, പുൽക്കൂടുകൾ,സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്ന ആളുകൾ, തിരുപ്പിറവിയുടെ തിരക്കിൽ ഉണർന്നിരിക്കേണ്ട വീഥികൾ, കൊറോണ കാരണം ആരും പുറത്തിറങ്ങാത്തത് കൊണ്ടോ എന്തോ  റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു. തലേദിവസത്തെ ഡ്യൂട്ടിയുടെ കഠിനതയേക്കാൾ ഏറെ അയാളുടെ മനസ്സ് ഓർമ്മകളാൽ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു.

നഗരത്തിലെ പ്രശസ്ത ഹോസ്പിറ്റലിലെ ഡോക്ടറാണ് ജൂഡ്. കൊറോണ കാരണം ക്രിസ്മസ് ആയിട്ടും  ഇപ്പോൾ ലീവ് എടുക്കാൻ ആർക്കും അനുവാദമില്ല. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ എന്നത്തെയും പോലെ ഒരു ദിവസം അത്രയേ ഉണ്ടായിരുന്നുള്ളൂ. ഡ്യൂട്ടി കൈമാറുമ്പോൾ ഡോക്ടർ ആമിന പറഞ്ഞു, ഇന്നലെ ഡോക്ടർ പോയ ഉടനെ ഒരു ന്യൂ അഡ്മിഷൻ ഉണ്ടായിരുന്നു. ബെഡ് നമ്പർ 43…, ഡയാലിസിസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ദുബായിൽ നിന്ന് വന്നതാണ്. ദുബായിൽ വെച്ച് കൊറോണ വന്ന് അവരുടെ ഭർത്താവ് മരിച്ചുവത്രേ. നാട്ടിലെത്തിയ ഇവരെ ചെറിയ ലക്ഷണങ്ങളോടെ അഡ്മിറ്റ് ആക്കുമ്പോൾ ഇത്ര സീരിയസ് ആകുമെന്ന് ബന്ധുക്കൾ കരുതിയില്ല. ഇപ്പോൾ ARDS സ്റ്റാർട്ട് ചെയ്തിരിക്കുന്നു. കൂടെ ഇന്നലെ മുതൽ ഡയാലിസിസും.

ഹോ.. ഓക്കേ….. ഞാനൊന്നു കാണട്ടെ… ജൂഡ്  ഡോക്ടർ ആമിനയോട് പറഞ്ഞു. അയാൾ രോഗികളെ പരിശോധിക്കാൻ ആരംഭിച്ചു.

ഐസിയുവിൽ നിന്ന് സീരിയസ് ആകുന്ന രോഗികളെയാണ് വെന്റിലേറ്ററിലേക്ക് മാറ്റുന്നത്. ചിലർ ദിവസങ്ങളോളം വെന്റിലേറ്റർ സപ്പോർട്ടിൽ ആയിരിക്കും. ചിലർ രോഗം മൂർച്ഛിച്ചു മരണത്തിന് കീഴടങ്ങും. ഇപ്പോൾ കിടപ്പിലുള്ള രോഗികളിൽ നാലുപേർ കുറച്ച് ഗുരുതരാവസ്ഥയിലാണ്. ശ്വാസംമുട്ടലും മറ്റും കൂടുമ്പോൾ പരിചരിക്കാൻ സിസ്റ്റർമാർ ഓരോ ബെഡിലും ഉണ്ട്. ബെഡ് നമ്പർ 43ൽ എത്തിയ ഉടനെ ജൂഡ് രോഗിയുടെ ഫയൽ പരിശോധിച്ചു. ഡോക്ടർ ആമിന പറഞ്ഞത് ശരിയാണ്, ഇപ്പോൾ കുറച്ച് സീരിയസ് ആണ്. സാച്ചുറേഷൻ എത്രയുണ്ട്? ഡോക്ടർ അടുത്തുനിന്ന സിസ്റ്റർ മിനിയോട് ചോദിച്ചു. ഇറ്റ് ഈസ് 25% ഡോക്ടർ… ഓക്കേ….

പെട്ടന്നാണ് ജൂഡ് ആ മുഖം ശ്രദ്ധിച്ചത്. ഈ വിരലുകൾ.. ഇത് എവിടെയോ കണ്ടപോലെ… അയാളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അയാൾ വേഗം ഫയലിന്റെ പേജ് മറിച്ചു. അതെ, ഊഹം തെറ്റിയില്ല.. ഇത് ക്രിസ്റ്റീന  തന്നെ… ക്രിസ്റ്റീന തോമസ്, 32, ഫയലിലെ വലിയ അക്ഷരങ്ങളിൽ അയാളുടെ കണ്ണുകൾ ഉടക്കി. ഈശ്വരാ… ഇതവൾ തന്നെ….. ക്രിസ്റ്റീന…… എന്റെ ടീന….അയാൾ കണ്ണുകളിലെ പതർച്ച സിസ്റ്റർ മിനി കാണാതിരിക്കാൻ ശ്രമിച്ചു. ലോകം മുഴുവൻ അയാൾക്കു ചുറ്റും കറങ്ങുന്നതുപോലെ ജൂഡിന് തോന്നി. അന്ന് രാത്രി മുഴുവൻ അയാളുടെ മനസ് അസ്വസ്ഥമായിരുന്നു.

രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ അടുത്തേക്ക് ഒരിക്കൽ കൂടി ജൂഡ്  പോയി. വെന്റിലേറ്ററിന്റെ ബീപ് ശബ്ദത്തേക്കാൾ ഏറെ അയാളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു. ആ കണ്ണുകൾ.. ഞാൻ ആരാധിച്ചിരുന്ന മിഴികൾ കൂമ്പി അണഞ്ഞിരുന്നു. ജൂഡ് വേഗം അവിടെ നിന്നിറങ്ങി. അടുത്ത ആൾക്ക് ഡ്യൂട്ടി മാറാൻ കാത്തിരിക്കാൻ അയാൾക്ക് ആയില്ല.

അനിയത്തിയുടെ കൂടെ ഒരു ക്രിസ്മസ് അവധിക്ക് വന്നപ്പോഴാണ് ആദ്യമായി അവളെ കാണുന്നത്. ഒരു കൗമാരക്കാരിയുടെ പ്രസരിപ്പോടെ അവൾ വീടാകെ ഓടി നടന്നു. അനിയത്തിയുടെ അടുത്ത കൂട്ടുകാരിൽ ഒരാൾ, ജൂഡ് അന്ന് എംബിബിഎസ്  സെക്കന്റ്‌ ഇയർ ആണ്. ടീനയുടെ ബന്ധുക്കളായി ആരുമില്ല എന്നും അവൾ കോളേജ് വക ഓർഫനേജിലെ അന്തേവാസി ആണെന്നും കൂടി അറിഞ്ഞപ്പോൾ ആദ്യം തോന്നിയ ആരാധന എപ്പോഴോ അനുകമ്പയായി മാറി. ചുറുചുറുക്കോടെ അവിടമാകെ പാറി നടന്ന അവളെ മനസ്സിൽ പ്രതിഷ്ഠിക്കാൻ പിന്നെ താമസം ഉണ്ടായില്ല. ക്രിസ്മസ് രാവിൽ കുടുംബങ്ങൾക്കൊപ്പം പള്ളിയിൽ പോയതും കുർബാന കൊണ്ടതും…. എപ്പോഴും പ്രസന്ന വതിയായി നിൽക്കുന്ന അവൾക്ക് വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആയിരുന്നു. എല്ലാത്തിനും അവൾ മുൻപന്തിയിൽ ഉണ്ട്. ഒടുവിൽ ക്രിസ്മസ് കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുമ്പോഴേക്കും ഇഷ്ടത്തിന്റെ തീവ്രത പതിന്മടങ്ങായിരുന്നു. അതിന് അവളുടെ സമ്മതം കൂടി കിട്ടിയപ്പോൾ പിന്നെ ജൂഡിന് ഒന്നും നോക്കേണ്ടി വന്നില്ല. കൂടെ അനിയത്തിയുടെ മൗനാനുവാദവും.

പിന്നീട് ഓരോ വർഷവും ക്രിസ്മസ് വരാനുള്ള കാത്തിരിപ്പ് ആയിരുന്നു. പുറത്തുള്ളവർക്ക് കത്തെഴുതാനോ പോയി കാണാനോ ഉള്ള അനുവാദം അവളുടെ ഓർഫനേജിൽ ഇല്ല. അവൾ അവിടുത്തെ അന്തേവാസി അല്ലേ…. ക്രിസ്മസിന് പ്രത്യേക അനുവാദം വാങ്ങണം പുറത്തു പോകണം എങ്കിൽ….. അതും മൂന്നു ദിവസത്തില്‍ കൂടുതൽ  നൽകുകയും  ഇല്ല. ഓരോ വർഷവും അവൾ വരുന്നതും കാത്ത് അവൻ നില്കും. ആ മൂന്നു ദിവസങ്ങളിൽ ആരും കാണാതെ അവർ സ്നേഹം കൈമാറും. ഓരോ കൂടിക്കാഴ്‌ചക്കും ഓരോ വർഷത്തെ കാത്തിരിപ്പ്… ഓരോ ക്രിസ്ത്മസിലേക്കുള്ള ദൂരം…. അത് ഓരോ യുഗങ്ങളെ പോലെ ആയിരുന്നു രണ്ടുപേർക്കും.

അവസാന വർഷം ക്രിസ്മസ് അവധിക്ക് അനിയത്തി വന്നപ്പോൾ കൂടെ അവൾ ഇല്ലായിരുന്നു. ഓർഫനേജ് മാനേജ്മെന്റ് മാറുകയും കുറച്ച് പേരെ അവിടെ നിന്നും വേറെ ഒരിടത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തുവത്രെ… അതിൽ ഒരാൾ ടീന ആയിരുന്നു… നിയമം അനുസരിച്ചു അന്തേവാസികളുടെ വിവരങ്ങൾ പുറത്തൊരാൾക്കും നൽകാൻ പാടില്ല… പിന്നെ എത്ര കാലം…. അവളെ ഓർത്തു അവൻ ജീവിച്ചു എന്നറിയില്ല… കഠിനമാണെങ്കിലും മനപ്പൂർവ്വം ഓർമ്മകളെ മറക്കാൻ ശ്രമിച്ചു. പിന്നീട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. മനസ് എപ്പോഴും അവളെ ഓർത്തു സങ്കടത്തിൽ ആണ്ടു.

ജൂഡ് പഠിത്തം കഴിഞ്ഞ ഉടനെ നഗരത്തിലെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു. ജീവിതം ഒരു ഒഴുക്കിനൊത്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ലോകം മുഴുവൻ കൊറോണ പടർന്നത് പെട്ടെന്ന് ആയിരുന്നു. അയാൾ ജോലി ചെയ്ത ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. ഒരുമാസമായി കൊറോണ ഐസിയുവിലാണ് ഡ്യൂട്ടി.

ഒരു യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അവൾ ഇപ്പോഴിതാ ഒരു ജീവച്ഛവമായി തന്റെ  മുന്നിൽ..

വീട്ടിലെത്തിയ ഉടൻ ജൂഡ് അൽപനേരം കിടന്നു. സാധാരണ ഹോസ്പിറ്റലിൽ പി പി ഇ കിറ്റ് ധരിക്കുന്നത് കാരണം വന്ന ഉടനെ കുളിക്കാറാണ് പതിവ്.. ഇന്ന് പക്ഷേ അതിനൊന്നും തോന്നിയില്ല. ടീനയുടെ  മുഖം.. അതു തന്നെയായിരുന്നു മനസ്സിൽ…. പെട്ടെന്നാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്.. കുറെ നേരം ഫോൺ ബെല്ലടിച്ചു. അയാൾക്ക് അത് എടുക്കുവാനോ സംസാരിക്കുവാനോ തോന്നിയില്ല. അയാളുടെ മനസ്സിൽ ഓർമ്മകൾ തിരയടിച്ചു. ഒരിക്കൽപോലും ടീനയെ പിന്നെ ഞാൻ അന്വേഷിച്ചില്ല. ജൂഡിന്റെ ഉള്ളിൽ കുറ്റബോധം അലതല്ലി.

കടുത്ത ക്ഷീണം കൊണ്ടോണെന്ന് തോന്നുന്നു അയാൾ മെല്ലെ മയക്കത്തിലേക്ക് വീണു. പെട്ടെന്നാണ് അയാളുടെ ഫോൺ ശബ്ദിച്ചത്. ഹോസ്പിറ്റലിൽ നിന്ന് സിസ്റ്റർ മിനിയാണ്. ഡോക്ടർ, ഒരു ബാഡ് ന്യൂസ് ഉണ്ട്. ബെഡ് no 43…. ഡെത്ത് ആയി… !!!! അയാൾ അത് കേട്ട മാത്രയിൽ പിടഞ്ഞെണീറ്റു…യു മീൻ ക്രിസ്റ്റീന?? അയാൾ പ്രജ്ഞയറ്റപോലെ ചോദിച്ചു. യെസ് ഡോക്ടർ….. സിസ്റ്റർ മിനി ഉത്തരം നൽകി. അവർ കുറച്ചധികം സിക്ക്‌ ആയിരുന്നല്ലോ….പെട്ടെന്നായിരുന്നു കാർഡിയാക് അറസ്റ്റ് ഉണ്ടായത്…. സർവൈവ് ചെയ്തില്ല…. ഒന്നും മറുപടി പറയാൻ ആകാതെ ജൂഡ് ഫോൺ കട്ട് ചെയ്തു. അവർക്ക് ബെഡ് no 43…, പക്ഷെ എനിക്ക്…… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മണിക്കൂറുകൾ അവിടെ ഉണ്ടായിട്ടും അവൾക്കെന്നെ ഒന്നു തിരിച്ചറിയാൻ സാധിച്ചില്ലല്ലോ…. ഇതാണോ ജീവിതത്തിന്റെ ആകസ്മികതകൾ… തന്റെ ശരീരം ചുട്ടുപൊള്ളുന്നതുപോലെ അയാൾക്ക് തോന്നി…. തൊണ്ടയ്ക്ക് എന്തെന്നില്ലാത്ത വേദന…. കാലുകൾ തളരുന്നത് പോലെ…. തന്റെ പ്രിയപ്പെട്ടവൾ ആയിരുന്നവളുടെ നിറുകയിൽ ചുംബിക്കാൻ ഇന്നലെ വ്യഗ്രത  തോന്നിയത് മനസ്സിലൂടെ മിന്നിമറഞ്ഞു…. അതെ കൊറോണ.!!!!! അവൻ എന്നെയും പുണർന്നിരിക്കുന്നു…….

Leave a Reply

Your email address will not be published. Required fields are marked *